ഡൽഹിയിൽ കോൺഗ്രസിനെ പുനഃസംഘടിപ്പിക്കാൻ ശ്രമം
Friday, February 21, 2020 12:04 AM IST
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും നേടാനാകാതെ കനത്ത പരാജയം രുചിച്ച കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യമായി മുതിർന്ന പാർട്ടി നേതാക്കൾ. സന്ദീപ് ദീക്ഷിതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള ലോക്സഭ എംപി ശശി തരൂരാണ് കഴിഞ്ഞ ദിവസം പാർട്ടി പുനരേകീകരണം അനിവാര്യമാണെന്ന് ട്വിറ്ററിൽ അഭിപ്രായ പ്രകടനം നടത്തിയത്.
ഒരു പാർട്ടി അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സന്ദീപ് ദീക്ഷിതിന്റെ നിരീക്ഷണം ശരിയാണെന്നാണ് തരൂരും പറഞ്ഞത്. രാജ്യവ്യാപകമായി പാർട്ടി പ്രവർത്തകരുടെ പതിഞ്ഞ ശബ്ദത്തിലുള്ള ആവശ്യമാണിതെന്നും ചൂണ്ടിക്കാട്ടി.
സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞ കാര്യം രാജ്യമെന്പാടുമുള്ള പാർട്ടി നേതാക്കൾ സ്വകാര്യമായി പറയുന്നതാണ്. ഉത്തരവാദിത്തമുള്ള ചുമതലകൾ വഹിക്കുന്നവരുടെ പോലും അഭിപ്രായം ഇതു തന്നെയാണ്. പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും കരുത്തു പകരാൻ നേതൃനിരയിലേക്ക് തെരഞ്ഞെടുപ്പു നടത്തണമെന്നാണ് തരൂർ കോണ്‍ഗ്രസ് പ്രവർത്തക സമിതിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.