ആസാമിൽ ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്തണം
Tuesday, February 18, 2020 12:17 AM IST
ന്യൂഡൽഹി: ആസാമിൽ ഇന്നർ ലൈൻ പെർമിറ്റ് ഏർപ്പെടുത്തണമെന്നും മൂന്നിൽ രണ്ട് നിയമസഭാ സീറ്റുകൾ തദ്ദേശീയ ജനതയ്ക്കു സംവരണം ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച സമിതി ശിപാർശ ചെയ്തു.
തദ്ദേശീയ ജനസംഖ്യ നിർണയിക്കാൻ 1951 അടിസ്ഥാന വർഷമായി നിശ്ചയിക്കണമെന്നും ആസാമിൽ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപവത്കരിക്കണമെന്നും ജസ്റ്റീസ് ബിപ്ലബ്കുമാർ ശർമ അധ്യക്ഷനായ 13 അംഗ സമിതി നിർദേശിച്ചു. സമിതി റിപ്പോർട്ട് ഈ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു സമർപ്പിച്ചേക്കും.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ആസാമിലേക്കു കുടിയേറുന്നതു നിയന്ത്രിക്കാനാണ് ഇന്നർലൈൻ പെർമിറ്റ്(ഐഎൽപി) ഏർപ്പെടുത്തണമെന്നുനിർദേശിക്കുന്നത്. ഇതുപ്രകാരം ഐഎൽപി ബാധകമായ പ്രദേശങ്ങളിൽ മറ്റുള്ളവർ പ്രവേശിക്കണമെങ്കിൽ അനുവാദം വാങ്ങേണ്ടിവരും. അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ ദീർഘകാലമായി ഐഎൽപി നിലവിലുണ്ട്, മണിപ്പുരിൽ 2019 ഡിസംബറിൽ നടപ്പാക്കി. ആസാമിൽ 126 നിയമസഭാ സീറ്റുകളും 14 ലോക്സഭാ സീറ്റുകളുമാണുള്ളത്.