പൗരത്വ നിയമ ഭേദഗതിയിൽ പുനരാലോചനയില്ല: പ്രധാനമന്ത്രി
Monday, February 17, 2020 12:36 AM IST
വാരാണസി(യുപി): എല്ലാ ഭാഗങ്ങളിൽനിന്നും സമ്മർദമുണ്ടെങ്കിലും പൗരത്വ നിയമ ഭേദഗതി(സിഎഎ) 370 -ാം വകുപ്പ് തുടങ്ങിയ വിഷയങ്ങളിലെ തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനത്തിനു രാജ്യം ഏറെനാളായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യതാത്പര്യം പരിഗണിച്ച് ഈ തീരുമാനം അനിവാര്യമായിരുന്നു- വാരാണസിയിൽ പൊതുയോഗത്തിൽ മോദി പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള പണി വേഗത്തിൽ ആരംഭിക്കും. സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിക്കുന്ന ട്രസ്റ്റിനു സർക്കാരിന്റെ കൈവശമുള്ള 67 ഏക്കർ ഭൂമി കൈമാറും. തന്റെ സർക്കാരിന്റെ പ്രധാനനേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നേരത്തെ വാരാണസിയിൽ നിർമിച്ച 430 കോടി രൂപ ചെലവുള്ള സൂപ്പർ സെപ്ഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഏതാനും വർഷങ്ങൾകൊണ്ട് 25,000 വികസനപദ്ധതികളാണ് വാരാണസിയിൽ നടപ്പാക്കിയതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.