പഞ്ചാബിൽ നാലു കുട്ടികൾ വാൻ കത്തി മരിച്ച അപകടം: പ്രിൻസിപ്പലും വാൻ ഡ്രൈവറും അറസ്റ്റിൽ
Monday, February 17, 2020 12:33 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ സ്കൂൾ വാൻ കത്തി നാലു കുട്ടികൾ മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ ലഖ്ബിന്ദർ, വാൻ ഡ്രൈവർ ദൽബീർ എന്നിവരെ അറസ്റ്റ് ചെയ്തു.
ഇരുവർക്കുമെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. സ്കൂളിന്റെ ഉടമകൂടിയാണ് ലഖ്വിന്ദർ. സംഗ്രൂർ ജില്ലയിൽ ലോംഗോവാൾ-സിദ്സാചർ റോഡിൽ ശനിയാഴ്ചയായിരുന്നു അപകടം. 12 കുട്ടികളായിരുന്നു വാനിലുണ്ടായിരുന്നത്. മരിച്ചവരിൽ മൂന്നര വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
സ്കൂളിൽ ആദ്യമായി എത്തിയ കുട്ടിയാണിത്. എട്ടു കുട്ടികളെ തൊട്ടടുത്ത പാടത്ത് ജോലി ചെയ്തിരുന്നവർ രക്ഷപ്പെടുത്തി. എൽപിജി സിലിണ്ടർ ഘടിപ്പിച്ച 1990 മോഡൽ വാൻ വെള്ളിയാഴ്ചയായിരുന്നു അധികൃതർ സ്കൂളിലെത്തിച്ചത്. ശനിയാഴ്ച കുട്ടികളുമായുള്ള ആദ്യ യാത്ര തന്നെ ദുരന്തത്തിൽ കലാശിച്ചു.