ഏഴു മന്ത്രിമാരെ ഉൾപ്പെടുത്തി ജാർഖണ്ഡ് മന്ത്രിസഭ വികസിപ്പിച്ചു
Wednesday, January 29, 2020 12:18 AM IST
റാഞ്ചി: ഏഴു മന്ത്രിമാരെ ഉൾപ്പെടുത്തി ജാർഖണ്ഡിൽ ഹേമന്ത് സോറൻ നേതൃത്വം നല്കുന്ന മന്ത്രിസഭ വികസിപ്പിച്ചു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചംപായി സോറൻ, ഹാജി ഹുസൈൻ അൻസാരി, ജഗർനാഥ് മഹാതോ, ജോബ മാൻജി, മിഥിലേഷ് കുമാർ ഠാക്കൂർ(ജെഎംഎം), ബന്ന ഗുപ്ത, ബാദൽ പത്രലേഖ് (കോൺഗ്രസ്) എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
മഹാതോയും ഠാക്കൂറും ആദ്യമായാണു മന്ത്രിയാകുന്നത്. ജോബ മാൻജി മുൻ എൻഡിഎ സർക്കാരുകളിൽ മന്ത്രിയായിരുന്നു. മറ്റു നാലുപേരും മുൻ യുപിഎ സർക്കാരുകളിൽ മന്ത്രിയായിരുന്നു. ഇതോടെ സോറൻ മന്ത്രിസഭയിൽ 11 അംഗങ്ങളായി. മുഖ്യമന്ത്രിയുൾപ്പെടെ ജെഎംഎമ്മിന് ആറു മന്ത്രിസ്ഥാനവും കോൺഗ്രസിന് നാലു സ്ഥാനവും ആർജെഡിക്ക് ഒരു സ്ഥാനവുമാണുള്ളത്.