കേന്ദ്രം നിരസിച്ച ടാബ്ലോ റെഡ് റോഡ് പരേഡിൽ പ്രദർശിപ്പിക്കുമെന്നു മമത
Monday, January 20, 2020 12:27 AM IST
കോൽക്കത്ത: ന്യൂഡൽഹിയിലെ രാജ്പഥിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടക്കുന്ന പരേഡിൽ അനുമതി നിഷേധിച്ച പശ്ചിമ ബംഗാളിന്റെ ടാബ്ലോ ജനുവരി 26നു കോൽക്കത്തയിൽ നടക്കുന്ന റെഡ് റോഡ് പരേഡിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സ്ത്രീശക്തീകരണം, ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ ആശയങ്ങൾ കോർത്തിണക്കിയാണ് ടാബ്ലോ ഒരുക്കിയിരിക്കുന്നതെന്നു മമത പറഞ്ഞു.
2018ൽ രാജ്പഥിൽ പ്രദർശനത്തിന് അനുമതി നിഷേധിച്ച സാഹോദര്യസ്നേഹം എന്ന ടാബ്ലോ ഇതേ രീതിയിൽ റെഡ് റോഡ് പരേഡിൽ പ്രദർശിപ്പിച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2015, 2018ലും രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡിൽ ടാബ്ലോയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. 2014ലും 2016ലും ഏറ്റവും നല്ല ടാബ്ലോയ്ക്കുള്ള അവാർഡ് പശ്ചിമബംഗാളിനായിരുന്നുവെന്നും മമത കൂട്ടിച്ചേർത്തു.