പൗരത്വ നിയമ ഭേദഗതി നടപ്പാക്കുകയല്ലാതെ മാർഗമില്ല: ഗവർണർ
Sunday, January 19, 2020 12:36 AM IST
ജയ്പുർ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുകയല്ലാതെ കേരളത്തിനു മുന്നിൽ മറ്റൊരു മാർഗമില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജയ്പുരിൽ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സ്വന്തം അധികാരപരിധി മനസിലാക്കണം. പൗരത്വനിയമം കേന്ദ്രത്തിന്റെ പട്ടികയിൽപ്പെട്ട വിഷയമാണ്. സംസ്ഥാനത്തിന് അതിലൊരു കാര്യവുമില്ല.
നിങ്ങൾക്ക് എതിർവാദങ്ങൾ ഉന്നയിക്കാം. സുപ്രീംകോടതിയിൽ നിയമത്തെ ചോദ്യംചെയ്യാം. നിലപാടുകളിൽ ശാഠ്യം തുടരാം. പക്ഷേ, നിങ്ങൾക്കു നിയമപരിധിക്കപ്പുറം പോകാനാവില്ല. ആർട്ടിക്കിൾ 254 പ്രകാരം സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതെ പറ്റില്ല.
രാജ്യത്ത് ഇത്രവലിയ പ്രക്ഷോഭങ്ങൾ നടക്കുന്നത് ഇതാദ്യമല്ലെന്നും ഗവർണർ പറഞ്ഞു.
1986ൽ ഒരു സുപ്രീംകോടതി വിധി റദ്ദാക്കപ്പെട്ടപ്പോൾ വൻ പ്രക്ഷോഭമുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഏതു കേസിലെ വിധിയാണ് അതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.