ദേവീന്ദർ സിംഗിനെ നിശബ്ദനാക്കാൻ ആർക്കാണു താത്പര്യമെന്നു രാഹുൽ
Saturday, January 18, 2020 12:24 AM IST
ന്യൂഡൽഹി: കാഷ്മീർ ഡിവൈഎസ്പി ദേവീന്ദർ സിംഗ് ഭീകരർക്കൊപ്പം പിടിയിലായ സംഭവം അന്വേഷിക്കാൻ എൻഐഎ നിയോഗിച്ചതിനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ദേവീന്ദർ സിംഗിനെ നിശബ്ദനാക്കാൻ ആർക്കാണു താത്പര്യമെന്ന ഹാഷ്ടാഗിൽ ട്വിറ്ററിലാണ് ഇതുസംബന്ധിച്ച സംശയങ്ങൾ രാഹുൽ ഉന്നയിച്ചിരിക്കുന്നത്.
ദേവീന്ദറിനെ നിശബ്ദനാക്കാനാണ് കേസ് എൻഐഎയ്ക്കു വിട്ടത്. ഇതോടെ കേസ് ഇല്ലാതായി. അന്വേഷണത്തിനു നേതൃത്വം നൽകുന്ന എൻഐഎ തലവൻ വൈ.സി. മോദി മറ്റൊരു മോദിയാണ്. ഗുജറാത്ത് കലാപക്കേസും ഹരേൺ പാണ്ഡ്യ വധക്കേസും അന്വേഷിച്ചത് വൈ.സി. മോദിയാണെന്നും ഇദ്ദേഹത്തെ കേസ് ഏൽപ്പിക്കുന്നതു കേസ് തീർന്നതിനു തുല്യമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.