ഫാസ്ടാഗ്: പാലിയേക്കരയ്ക്കും കുന്പളത്തിനും ഒരു മാസത്തെ ഇളവ്
Thursday, January 16, 2020 12:31 AM IST
ന്യൂഡൽഹി: കേരളത്തിലെ രണ്ടു ടോൾ പ്ലാസകൾ ഉൾ പ്പെടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ 65 ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിബന്ധനകളിൽ ഒരു മാസത്തേക്ക് ഇളവ് വരുത്തി കേന്ദ്ര ഗതാഗത മന്ത്രാലയം.
കുന്പളം, പാലിയേക്കര ടോൾ പ്ലാസകളിൽ ഇന്നലെ മുതൽ മുപ്പത് ദിവസത്തേക്ക് ഫാസ്ടാഗ് നിബന്ധനകളിൽ ഇളവുണ്ടാകും. പാലിയേക്കരയിലെയും കുന്പളത്തെയും 25 ശതമാനം ലൈനുകളിലും ഒരു മാസത്തേക്ക് 25 ശതമാനം പണം അടച്ച് സഞ്ചരിക്കാം. ഈ ടോൾ പ്ലാസകളിലെ തിരക്ക് കണക്കിലെടുത്താണ് മുപ്പത് ദിവസത്തേക്ക് ഇളവ് ഏർപ്പെടുത്തിയത്. 25 ശതമാനം ഒഴികെയുള്ള ലൈനുകൾ ഫാസ് ടാഗ് മാത്രമായിരിക്കും.
നേരത്തെയുള്ള നിബന്ധന അനുസരിച്ചു പാലിയേക്കര ടോൾ പ്ലാസയിൽ ഒരു ഗേറ്റ് മാത്രമായിരുന്നു ഫാസ് ടാഗില്ലാത്ത വാഹനങ്ങൾക്ക് തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവർ പ്രവേശിച്ചാൽ ഇരട്ടി തുക നൽകേണ്ടിവരുമായിരുന്നു. ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവർക്ക് 105 രൂപയാണെങ്കിൽ ഇവർ 210 രൂപ നൽകേണ്ടിവരുമായിരുന്നു.
ബംഗളുരു, ചെന്നൈ, മധുരൈ, മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ തിരക്കേറിയ ടോൾ പ്ലാസകളിലും ഒരു മാസത്തേക്ക് ഫാസ് ടാഗ് നിബന്ധനകൾക്ക് ഇളവുണ്ട്.