ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് കരസേനാ മേധാവി
Thursday, January 16, 2020 12:31 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ പ്രശംസിച്ച് പുതിയ കരസേനാ മേധാവി ജനറൽ എംഎം നരവനെ. കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ ചുവടാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സേനാ ദിനത്തോട് അനുബന്ധിച്ച നടന്ന മജസ്റ്റിക് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു സേനാ മേധാവി.
കാഷ്മീരിൽ സർക്കാർ സ്വീകരിച്ച നടപടിയിൽ ആദ്യമായിട്ടാണ് സേനാ മേധാവി അഭിപ്രായം പറയുന്നത്. ജമ്മു കാഷ്മീരിനെ മുഖ്യധാരയിലെത്തിക്കാൻ സഹായിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് സേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാന്റെ നിഴൽ യുദ്ധം അവസാനിപ്പിക്കുന്ന നടപടിയാണിത്. തീവ്രവാദം വളർത്തുന്നവരെ നേരിടാൻ ഒട്ടേറെ മാർഗങ്ങൾ തങ്ങൾക്കുണ്ട്. അത് ഉപയോഗിക്കാൻ തങ്ങൾ മടിക്കില്ലെന്നും സേനാ മേധാവി മുന്നറിയിപ്പു നൽകി.
കരസേന മേധാവി ജനറൽ നരവ്നെക്ക് പുറമെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദുരിയ, നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.