ലില്ലി തോമസ്: നീതിവഴിയിലെ ജാഗ്രത
Wednesday, December 11, 2019 12:09 AM IST
ന്യൂഡൽഹി: “ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അറിഞ്ഞിരിക്കുക, അന്ധവിശ്വാസങ്ങളിൽ നിന്ന് അകന്നു നിൽക്കുക’. പ്രായം തൊണ്ണൂറിന്റെ പടി കടന്നു വന്നിട്ടും അവശതകളുടെ കൈ പിടിക്കാതെ നിയമത്തെ മുറുകെ പിടിച്ചു സുപ്രീം കോടതിയിൽ ശബ്ദമുയർത്തിയ ലില്ലി തോമസ് തന്റെ അഭിഭാഷക ജീവിതത്തിന്റെ ആത്മകഥയെ രണ്ടു വരികളിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. 91- ാം വയസിലും ഒരു വീൽച്ചെയറിയിലിരുന്ന് സുപ്രീംകോടതി ഇടനാഴികളിലൂടെ ലില്ലി തോമസ് കടന്നെത്തുന്നത് സാധാരണ കാഴ്ചയായിരുന്നു.
നിയമത്തിലുള്ള അവരുടെ വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെ കരുത്തിനും അടുത്തിടെയും സുപ്രീംകോടതി വേദിയായി. തീരദേശ പരിപാലന ചട്ടം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു കളയാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുടമകൾക്കു വേണ്ടിയായിരുന്നു ആ ശബ്ദമുയർന്നത്.
എന്നാൽ, നേരത്തെ നിശ്ചയിച്ച ഉത്തരവിൽ നിന്നു പിന്നോട്ടു പോകാനാവില്ലെന്ന നിലപാടാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വീകരിച്ചത്. നേരിനു വേണ്ടിയുള്ള ആവർത്തിച്ചുള്ള ലില്ലി തോമസിന്റെ വാദങ്ങളോടു പക്ഷേ, കോടതി സഹിഷ്ണുത കാണിച്ചില്ല. വീൽ ചെയറിലിരുന്ന അഭിഭാഷക അടക്കമുള്ളവരെ കോടതിയിൽ നിന്നു പുറത്താക്കുമെന്ന് ജഡ്ജി പറഞ്ഞപ്പോൾ പോലും ലില്ലി എന്ന അഭിഭാഷകയുടെ ശബ്ദം ഒന്നു താഴുകയോ മിഴികൾ ഇടറുകയോ ചെയ്തില്ല.
1960 ൽ കേരളത്തിനും സുപ്രീം കോടതിക്കും ഇടയിൽ ദിവസങ്ങളുടെ യാത്രാ ദൈർഘ്യമുണ്ടായിരുന്ന കാലത്താണ് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നു രാജ്യത്ത് ആദ്യമായി നിയമത്തിൽ മാസ്റ്റർ ബിരുദമെടുത്ത വനിതയായി ലില്ലി തോമസ് ഡൽഹിയിലേക്കെത്തുന്നത്.
സുപ്രീംകോടതിയിൽ അക്കാലത്ത് വനിതകളായി മൂന്നു അഭിഭാഷകർ മാത്രമാണുണ്ടായത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലില്ലി എന്ന കേരള വനിത തന്റെ കഴിവും സാമർഥ്യവും കൊണ്ട് സുപ്രീംകോടതിയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു.
ഉയരത്തിലും വലിപ്പത്തിലുമല്ല ആളുകളെ അടയാളപ്പെടുത്തേണ്ടത്, മറിച്ച് ഉറച്ച ശബ്ദത്തിലൂടെയാണെന്നായിരുന്നു പിൻതലമുറയ്ക്ക് ലില്ലി എന്ന മുതിർന്ന അഭിഭാഷക പകർന്നു കൊടുത്ത പാഠം. പരമോന്നത കോടതിയുടെ ചുവരുകൾക്കുള്ളിൽ പലപ്പോഴും ഇടിമുഴക്കമായി മാറിയിട്ടുണ്ട് ലില്ലി തോമസ് എന്ന അഭിഭാഷകയുടെ ശബ്ദം. അഴിമതിക്കാരെയും കുറ്റവാളികളായവരെയും ശിക്ഷിക്കപ്പെട്ടവരുമായ ജനപ്രതിനിധികൾക്ക് അയോഗ്യത വിധിക്കാനുള്ള സുപ്രധാന വിധിക്കു വേണ്ടി പോരാടിയ വിജയം കണ്ട അഭിഭാഷക.
മലയാളത്തിന്റെ വേരോട്ടത്തിലൂടെ 1960കൾ മുതൽ സുപ്രീംകോടതിയുടെ പെണ്‍ശബ്ദമായ ചങ്ങനാശേരിക്കാരി ലില്ലി തോമസിന്റെ പേര് ജുഡീഷറിയുടെ ചരിത്രത്തിൽ എഴുതപ്പെട്ടത് പല രീതിയിലാണ്. സുപ്രീം കോടതിയിൽ കേരളത്തിൽ നിന്നുള്ള ആദ്യ അഭിഭാഷക, കേരളത്തിൽ നിന്നുള്ള ആദ്യ അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ്, നിയമത്തിൽ ബിരുദാനന്തര ബിരുദം (എൽഎൽഎം) നേടിയ ഇന്ത്യയിലെ ആദ്യ വനിത അങ്ങനെ പോകുന്നു ലില്ലി തോമസിന്റെ പേരിൽ കുറിച്ചിട്ടിരിക്കുന്ന നേട്ടങ്ങൾ.
കേരളത്തിൽ നിന്നുള്ള ആദ്യത്തെ അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ് എന്ന ബഹുമതിയുള്ള ലില്ലി തോമസ്, അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ് (എഒആർ) വ്യവസ്ഥിതിക്കെതിരേയാണ് അവസാനമായി പോരാടിയതെങ്കിലും ഫലം കണ്ടില്ല.
ജിജി ലൂക്കോസ്