നിയമസഭയിലെ ഗവർണറുടെ ഗേറ്റ് പൂട്ടിക്കിടന്നു, പശ്ചിമബംഗാൾ സർക്കാരിനെതിരേ ആഞ്ഞടിച്ച് ഗവർണർ
Thursday, December 5, 2019 11:25 PM IST
കോൽക്കത്ത: പശ്ചിമബംഗാൾ സർക്കാരും ഗവർണർ ജഗ്ദീപ് ധൻകറും തമ്മിലുള്ള ഭിന്നത തുടരുന്നു. നിയമസഭാ മന്ദിരത്തിലേക്ക് ഗവർണർക്കു പ്രവേശനം അനുവദിക്കുന്ന ഗേറ്റ് പൂട്ടിക്കിടന്നത് ഗവർണർ ധൻകറെ ചൊടിപ്പിച്ചു. ഗവർണർപദവിയെ അപമാനിക്കാൻ ശ്രമിച്ചത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ചരിത്രത്തിനു നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ബില്ലുകളിൽ ഒപ്പിടാൻ വൈകിയതിനാൽ പശ്ചിമബംഗാളിൽ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്കു ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നീട്ടിവച്ചിരുന്നു.
നിയമസഭയിലേക്ക് ഗവർണർ പ്രവേശിക്കുന്നതു മൂന്നാം ഗേറ്റിലൂടെയാണ്. ഇതു പൂട്ടിക്കിടന്നതിനാൽ, നീരസം വെളിപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകർക്കായുള്ള രണ്ടാം ഗേറ്റിലൂടെ ഗവർണർ നിയമസഭയിൽ പ്രവേശിച്ചു.
നിയമസഭാ മന്ദിരവും ലൈബ്രറിയും സന്ദർശിക്കാൻ താത്പര്യമുണ്ടെന്ന് സൂചിപ്പിച്ച് ബുധനാഴ്ച നിയമസഭാ സ്പീക്കർക്ക് ഗവർണർ കത്ത് നൽകിയിരുന്നു. ഗവർണറുടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഗവർണറെയും ഭാര്യയേയും ഉച്ചഭക്ഷണത്തിനായി ക്ഷണിച്ച സ്പീക്കർ ഇക്കാര്യം രാജ്ഭവൻ സ്പെഷൽ സെക്രട്ടറിയെ അറിയിച്ചു. എന്നാൽ, ഒന്നരമണിക്കൂറിനുശേഷം ക്ഷണം റദ്ദാക്കിയതായി കാട്ടി രാജ്ഭവൻ സ്പെഷൽ സെക്രട്ടറിക്കു സന്ദേശം ലഭിച്ചു. നിയമസഭാ സെക്രട്ടറിയും പ്രത്യേക സെക്രട്ടറിയും ഇല്ലെന്നതായിരുന്നു കാരണം.
അസംബ്ലി മന്ദിരത്തിൽ പ്രവേശിച്ച ഗവർണർ നിയസഭാ ലൈബ്രറി സന്ദർശിച്ചു.