2024ഓടെ പൂർത്തിയാക്കി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും: അമിത് ഷാ
Tuesday, December 3, 2019 1:11 AM IST
ചക്രധാർപുർ/ബഹാരഗോര: 2024 ഓടെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രാജ്യവ്യാപകമായി നടപ്പാക്കുമെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുന്പ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. എൻആർസി നടപ്പിലാക്കിയത് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു തിരിച്ചടിക്കു കാരണമായെന്ന ബിജെപി നേതാക്കളുടെ ആശങ്കയ്ക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന.
2024 തെരഞ്ഞെടുപ്പിനു മുന്പ് രാജ്യവ്യാപകമായി എൻആർസി നടപ്പാക്കും. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നു പുറത്താക്കും. രാഹുൽ ബാബ (കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി) അവരെ പുറത്താക്കരുതെന്നാണു പറയുന്നത്. പുറത്താക്കിയാൽ അവർ എവിടെ പോകും. എന്തു തിന്നും എന്നാണു ചോദിക്കുന്നത്, പക്ഷേ, ഞാൻ ഉറപ്പു തരുന്നു 2024 തെരഞ്ഞെടുപ്പിനു മുന്പ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിനു പുറത്താക്കും- അമിത് ഷാ പറഞ്ഞു.