ബിജെപി ഇതരസർക്കാർ നിർദേശം സഖ്യകക്ഷികളിൽനിന്നെന്ന് കോൺഗ്രസും എൻസിപിയും
Saturday, November 23, 2019 12:20 AM IST
മും ബൈ: ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ശിവസേനയ്ക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നു സഖ്യകക്ഷികളായ ചെറുപാർട്ടികളാണു നിർദേശിച്ചതെന്ന് കോൺഗ്രസും എൻസിപിയും വ്യക്തമാക്കി. സിപിഎം ഉൾപ്പെടെയുള്ള കക്ഷികളുമായി കോൺഗ്രസിന്റെയും എൻസിപിയുടെയും നേതാക്കൾ ഇന്നലെ മുംബൈയിൽ ചർച്ച നടത്തിയിരുന്നു. സിപിഎമ്മിനു പുറമേ സമാജ്വാദി പാർട്ടി, ആർപിഐയുടെ കവാഡെ, ഖാരാട്ട് വിഭാഗങ്ങൾ, രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി പക്ഷ, പിഡബ്ല്യുപി, ജനതാദൾ തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ബിജെ പി ഇതരസർക്കാരിനെ പിന്തുണയ്ക്കുകയെന്നത് ഈ പാർട്ടികളുടെ നിർദേശമായിരുന്നുവെന്ന് എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടിൽ യോഗത്തിനുശേഷം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും ഒപ്പമുണ്ടായിരുന്നു.
ശി വസേന നിലപാട് മാറ്റേണ്ടതുണ്ടെന്ന് സമാജ്വാദി പാർട്ടി നേതാവ് അബു ആസ്മി പറഞ്ഞു. പിന്തുണ ആവശ്യമുണ്ടെങ്കിൽ ശിവസേന തിരുത്തലിനു തയാറാകണമെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുന്നതിനെ എതിർക്കില്ലെന്നു പറഞ്ഞ അബു ആസ്മി താൻ മന്ത്രിസ്ഥാനത്തിനു ശ്രമിക്കില്ലെന്നും വ്യക്തമാക്കി.