എൽജെപി ഇടയുന്നു; ജാർഖണ്ഡിൽ ബിജെപിക്കു തലവേദന
Wednesday, November 13, 2019 12:15 AM IST
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന സഖ്യം പിരിഞ്ഞതിനു പിന്നാലെ ജാർഖണ്ഡിൽ ബിജെപിക്കു തലവേദനയായി എൽജെപി ഇടഞ്ഞു.
എൻഡിഎയിലെ ഘടകകക്ഷിയായ എൽജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ 81 സീറ്റിൽ 50 ലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി തലവൻ ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റേതാണ്. 50 സീറ്റുകളിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. സ്ഥാനാർഥികളുടെ ആദ്യ പട്ടിക വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നു ചിരാഗ് പറഞ്ഞു. കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മകനാണ് ചിരാഗ് പസ്വാൻ.
നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാർഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 23ന് ഫലം പ്രഖ്യാപിക്കും. 2014 ലെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 72 സീറ്റുകളിലും എജെഎസ്യു എട്ട് സീറ്റിലും എൽജെപി ഒരു സീറ്റിലുമാണ് മത്സരിച്ചത്. ബിജെപി 37 സീറ്റുകളും എജെഎസ്യു അഞ്ച് സീറ്റുകളും നേടിയപ്പോൾ എൽജെപിക്കു സീറ്റ് ലഭിച്ചില്ല.
എജെഎസ്യുവിനെ സഖ്യകക്ഷിയാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. 52 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഞായറാഴ്ച പാർട്ടി പുറത്തുവിട്ടു.