സീറ്റ് കച്ചവടം: ബിഎസ്പി നേതാക്കളെ കഴുതപ്പുറത്തു കയറ്റി
Tuesday, October 22, 2019 11:59 PM IST
ജയ്പുർ: 2018 നിയമസഭാ തെരഞ്ഞടുപ്പിൽ സീറ്റ് കച്ചവടം നടത്തിയെന്നാരോപിച്ച് രാജസ്ഥാനിൽ രണ്ടു ബിഎസ്പി നേതാക്കളെ പ്രവർത്തകർ ചെരുപ്പുമാലയണിയിച്ച് കഴുതപ്പുറത്തു കയറ്റി പാർട്ടി ഓഫീസിനു ചുറ്റും നടത്തിച്ചു.
ജയ്പുരിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിഎസ്പി ദേശീയ കോ-ഓർഡിനേറ്റർ രാംജി ഗൗതം, ബിഎസ്പി മുൻ സംസ്ഥാന അധ്യക്ഷൻ സീതാറാം എന്നിവരെയാണു പാർട്ടി പ്രവർത്തകർ ചെരുപ്പുമാല അണിയിച്ചത്. യുപിയിൽനിന്നു രാജസ്ഥാനിലെ പാർട്ടി ആസ്ഥാനത്തെത്തിയതായിരുന്നു ഇവർ.
അതേസമയം, സംഭവത്തിനു പിന്നിൽ കോൺഗ്രസാണെന്നും പാർട്ടിയെ പിളർത്താനും മുതിർന്ന നേതാക്കളെ അധിക്ഷേപിക്കാനുമാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു. ബിഎസ്പി സംസ്ഥാന സമിതി മായാവതി പിരിച്ചുവിട്ടു. രാജസ്ഥാനിലെ ആറു ബിഎസ്പി എംഎൽഎമാരും സെപ്റ്റംബറിൽ കോൺഗ്രസിൽ ചേർന്നിരുന്നു.