വണക്കം ചൊല്ലി മോദി, മറക്കാനാവാത്ത അനുഭവമെന്നു ഷി
Sunday, October 13, 2019 12:52 AM IST
മഹാബലിപുരം: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള ഉച്ചകോടിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത് തമിഴിൽ വണക്കം ചൊല്ലി. പാരന്പര്യമനുസരിച്ച് അതിഥികളെ പുരാതന തമിഴ് ഭാഷയിൽ സ്വാഗതം ചെയ്യുന്നതായി മോദി പറഞ്ഞു.
ഹൃദ്യമായ ഈ ആതിഥ്യം അതിശയിക്കുന്നതാണെന്ന് ഷി പറഞ്ഞു.“എനിക്കും എന്നോടൊപ്പമുള്ളവർക്കും അതു ശരിക്കും അനുഭവപ്പെടുന്നുണ്ട്. ഇത് മറക്കാനാവാത്ത അനുഭവമാണ്.”
ചൈനീസ് ജനകീയ റിപ്പബ്ലിക് എഴുപതു വർഷം പൂർത്തിയാക്കിയതിൽ മോദി അനുമോദനം അറിയിച്ചു. തമിഴ്നാട് സംസ്ഥാനവും പുരാതന ചെന്നൈ നഗരവും നൂറ്റാണ്ടുകളായി ഇന്ത്യ- ചൈന ബന്ധത്തിന്റെ സാക്ഷികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചകോടി നടക്കുന്ന കോവളം ബീച്ചിലെ താജ് ഫിഷർമാൻസ് കോവ് ഹോട്ടലിലെ കരകൗശല വസ്തുക്കളുടെ പ്രദർശനം മോദിയും ഷിയും ആസ്വദിച്ചു. തമിഴ്നാട്ടിലെ സിരുമുഖൈ നെയ്ത്തുകാർ തയാറാക്കിയ ഷിയുടെ ചിത്രമുള്ള പൊന്നാട മോദി സമ്മാനിച്ചു. നേരത്തേ, ഹിന്ദി മുഖ്യഭാഷയാക്കണമെന്നു ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞതിനെതിരേ ഏറ്റവും കൂടുതൽ പ്രതിഷേധം നടന്നത് തമിഴ്നാട്ടിലായിരുന്നു.