ഷി ചിൻപിംഗിനു ചെന്നൈയിൽ ഊഷ്മള സ്വീകരണം
Saturday, October 12, 2019 12:26 AM IST
ചെന്നൈ: രണ്ടുദിവസം നീളുന്ന അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനു രാജ്യത്തിന്റെ ഹൃദ്യമായ വരവേല്പ്. തമിഴ്നാടിന്റെ സന്പന്നമായ സംസ്കാരിക പാരന്പര്യം അടയാളപ്പെടുത്തുന്നതായിരുന്നു സ്വീകരണപരിപാടിയിലെ ഓരോ നിമിഷവും.
ഇന്നലെ ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ ഷി ചിൻപിംഗിനെ ചുവപ്പുപരവതാനി വിരിച്ചാണ് ഔദ്യോഗികമായി സ്വീകരിച്ചത്. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം, സ്പീക്കർ പി. ധനപാൽ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ നീണ്ട നിര വിമാനത്താവളത്തിലുണ്ടായിരുന്നു. ഷി ചിൻപിംഗ് എത്തുന്നതിനു മുന്പേ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ സന്നിഹിതനായിരുന്നു. ഔപചാരിക സ്വീകരണവേദിയിലാണ് ഇരുവരും ആദ്യം കണ്ടത്. മുണ്ടും ഷർട്ടിനു മുകളിൽ മേൽമുണ്ടും ഉൾപ്പെടെ പരന്പരാഗത തമിഴ്വേഷത്തിൽ എത്തിയ മോദി ഹസ്തദാനം നൽകി ഷി ചിൻപിംഗിനെ സ്വീകരിച്ചു.
തുടർന്ന് ഹ്രസ്വമായ കുശലാന്വേഷണം. അഞ്ഞൂറോളം കലാകാരന്മാർ അണിനിരന്ന നൃത്തവിരുന്നായിരുന്നു ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയിരുന്നത്. പരന്പരാഗത തൃത്തരൂപമായ ‘താപ്പാട്ടവും’ ‘ പൊയ്കാൽ കുതിരയും’ വിശിഷ്ടാതിഥികൾ ശ്രദ്ധാപൂർവം വീക്ഷിച്ചു. തവിലിന്റെയും നാഗസ്വരത്തിന്റെയും അകന്പടിയോടെയുള്ള ഭരതനാട്യവും സ്വീകരണപരിപാടികളെ വർണാഭമാക്കി. നർത്തകരെ അഭിനന്ദിച്ചശേഷമാണു ചൈനീസ് പ്രസിഡന്റ് വിശ്രമത്തിനായി കടലോര റിസോർട്ടിലേക്ക് നീങ്ങിയത്.
കാറിൽ കയറാനെത്തിയ ഷി ചിൻപിംഗിന് ക്ഷേത്രപൂജാരികൾ ആചാരപൂർവം വരവേൽപ്പ് നൽകി. ഇന്ത്യയുടെയും ചൈനയുടെയും പതാകകളുമായി നൂറുകണക്കിന് കൂട്ടികളാണ് വഴിയിലുടെനീളം കാത്തുനിന്നത്. കുട്ടികൾക്ക് അഭിവാദ്യം അർപ്പിക്കാനും ഷി ചിൻപിംഗ് മറന്നില്ല.