ബംഗാളിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും മകനെയും കൊലപ്പെടുത്തി
Friday, October 11, 2019 12:52 AM IST
മൂർഷിദാബാദ്: പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ ആർഎസ്എസ് പ്രവർത്തകനെയും ഗർഭിണിയായ ഭാര്യയെയും മകനെയും അജ്ഞാതസംഘം കൊലപ്പെടുത്തി. കുനൈഗഞ്ചിൽ ചൊവ്വാഴ്ചയാണു സംഭവം. അധ്യാപകനായ ബന്ധു പ്രകാശ് പാൽ(35), ഭാര്യ ബ്യൂട്ടി (28), മകൻ അംഗൻ (എട്ട്) എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നു പേരുടെ ശരീരത്തിലും കുത്തേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോയിരുന്ന പ്രകാശിനെ സമീപവാസികൾ കണ്ടിരുന്നു. പിന്നീട് ഒരു മണിക്കൂറിനു ശേഷം ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ രംഗത്തെത്തി.കൊലപാതകം സംബന്ധിച്ച് ഗവർണർ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം, ഗവർണർ ഏകപക്ഷീയമായാണു സംസാരിക്കുന്നതെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.