ബാബ്റി കേസ്: കല്യാണ് സിംഗിനു സമൻസ്
Monday, September 23, 2019 12:56 AM IST
ന്യൂഡൽഹി: ബാബ്റി മസ്ജിദ് പൊളിച്ചതുമായ ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാണ് സിംഗിനു പ്രത്യേക കോടതിയുടെ സമൻസ്. സെപ്റ്റംബർ 27നു നേരിട്ടു ഹാജരാകാനാണ് ലക്നൗ സിബിഐ കോടതി സമൻസയച്ചിരിക്കുന്നത്. കല്യാണ് സിംഗിനു ഗവർണർ പദവിയിൽ ലഭിച്ചിരുന്ന പ്രത്യേക പരിരക്ഷ ഇല്ലാതായതിനെ ത്തുടർന്നാണ് കോടതിയുടെ നടപടി.
ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവർ അടക്കമുള്ള നേതാക്കൾക്കെതിരേയുള്ള ക്രിമിനൽ ഗൂഢാലോചന കേസിലാണ് കല്യാണ് സിംഗിന്റെയും പേര് പ്രതിപ്പട്ടികയിൽ ചേർത്തിരുന്നത്.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റു നേതാക്കളുടെ വിചാരണ ആരംഭിച്ചിരുന്നെങ്കിലും ഗവർണർ പദവിയിലിരുന്നതിനാൽ കല്യാണ് സിംഗിനെ വിചാരണ നടപടികളുടെ ഭാഗമാക്കിയിരുന്നില്ല. രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ സിബിഐ നൽകിയ അപേക്ഷ പരിഗണിച്ച പ്രത്യേക ജഡ്ജി എസ്.കെ. യാദവ് ശനിയാഴ്ച സമൻസ് അയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.