വാഗാ ചടങ്ങിന് തട്ടിപ്പുപാസ്; പരാതിയുമായി ബിഎസ്എഫ്
Monday, September 23, 2019 12:56 AM IST
അമൃത്സർ: അട്ടാരി- വാഗ അതിർത്തിയിലെ പ്രസിദ്ധമായ പതാകതാഴ്ത്തൽ ചടങ്ങു വീക്ഷിക്കാൻ അന്താരാഷ്ട്ര ഓൺലൈൻ ടൂർ ഓപ്പറേറ്റിംഗ് കന്പനി പണം ഈടാക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചാബ് പോലീസ് കേസെടുത്തു.
എക്സ്പീഡിയ ഗ്രൂപ്പ്, ഇതിനു കീഴിലുള്ള എക്പീഡിയ ഡോട്ട്കോം, ചീപ്ടിക്കറ്റ്സ് ഡോട്ട് കോം, ടാക്സി ബസാർ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേ ബിഎസ്എഫ് ആണു പരാതി നല്കിയത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തി രക്ഷാസേന ദിവസവും നടത്തുന്ന റിട്രീറ്റ് ചടങ്ങ് സൗജന്യമായി വീക്ഷിക്കാം. എന്നാൽ ഈ സ്ഥാപനങ്ങൾ പണം വാങ്ങി ഉപയോക്താക്കൾക്ക് അനധികൃത പാസ് നല്കുന്നു.
ഓഗസ്റ്റ് അവസാനം ഒരു സ്ത്രീ ഇത്തരമൊരു പാസ് കാണിച്ചതിനെത്തുടർന്ന് ബിഎസ്എഫ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഒരാൾക്ക് 41 ഡോളർ (2,900 രൂപ) വില വരുന്ന പാസാണു നല്കുന്നത്. അമൃത്സറിൽനിന്നുള്ള യാത്രക്കൂലിയും ചടങ്ങു കാണാനുള്ള സീറ്റും കുടിവെള്ളവും ഉൾപ്പെടുന്ന പാക്കേജിനാണ് തുക. അന്താരാഷ്ട്ര തലത്തിലുള്ള തട്ടിപ്പാണു നടക്കുന്നതെന്ന് ബിഎസ്എഫ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ എക്സ്പീഡിയ ഡോട്ട്കോം തയാറായില്ല.