പ്ലാസ്റ്റിക് ഉത്പാദനത്തിനും കർശന നിയന്ത്രണം
Friday, September 20, 2019 12:16 AM IST
ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിനു മുന്പായി പ്ലാസ്റ്റിക്കിന്റെയും തെർമക്കോളിന്റെയും ഉത്പാദനം കർശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ അഡ്വൈസറി നൽകി. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വിമാനങ്ങൾ, ട്രെയിനുകൾ തുടങ്ങിയവ അടക്കമുള്ള എല്ലാ മേഖലയിലും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനാണ് നിർദേശം.
പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് കൊണ്ടു ള്ള സ്പൂണ്, ഫോർക്ക്, ഗ്ലാസ്, വെള്ളക്കുപ്പികൾ, പൂച്ചട്ടികൾ, പ്ലാസ്റ്റിക് സ്റ്റേഷനറികൾ, ഫോൾഡറുകൾ അടക്കം പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച എല്ലാ സാധനങ്ങളുടെയും ഉപയോഗം ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പകരം സാധനങ്ങൾ ലഭ്യമാണെങ്കിൽ പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചവ പാടെ ഒഴിവാക്കാൻ ബോധപൂർവമായ ശ്രമങ്ങളും തീരുമാനങ്ങളും ഉണ്ടാകണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായി ഇല്ലാതാക്കണമെന്ന് സർക്കാർ നിർദേശിച്ചു.
സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖലകൾക്കെല്ലാം ഇതു നിർബന്ധപൂർവം ബാധകമാക്കണം.