രാഷ്ട്രപതി ഭവനു സമീപം ഡ്രോണ്‍ പറത്തി; അമേരിക്കക്കാരായ അച്ഛനും മകനും കസ്റ്റഡിയിൽ
Tuesday, September 17, 2019 12:31 AM IST
ന്യൂഡൽഹി: രാഷ്ട്രപതി ഭവനു സമീപത്ത് ഡ്രോണ്‍ പറത്തിയതിന് അമേരിക്കൻ പൗരന്മാരായ അച്ഛനെയും മകനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പീറ്റർ ജെയിംസ് ലിൻ (65), ഗില്ലിയൂം ലീഡ്ബെറ്റർ ലിൻ (30) എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രപതി ഭവനും പാർലമെന്റും കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും അടക്കമുള്ളവയുടെ വീഡിയോ ദൃശ്യങ്ങളും ഡ്രോണിൽ നിന്നു കണ്ടെടുത്തു.
രാഷ്ട്രപതി ഭവൻ അടക്കമുള്ള അതീവസുരക്ഷാ മേഖലയിൽ ഡ്രോണ്‍ പറത്തുന്നതിന് അനുമതി നൽകിയിട്ടില്ല. ഇതറിയാതെയാണ് ഇവർ ഡ്രോണ്‍ പറത്തിയതെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച ടൂറിസ്റ്റ് വീസയിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഓണ്‍ലൈൻ പോർട്ടലിനു വേണ്ടിയാണ് വീഡിയോ പകർത്തിയതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് സംശയകരമായ ഒന്നും ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.