ആന്ധ്രപ്രദേശിൽ ബോട്ട് മുങ്ങി എട്ടു മരണം, 25 പേരെ കാണാതായി
Monday, September 16, 2019 12:22 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ ഗോദാവരിനദിയിൽ ബോട്ട് മുങ്ങി എട്ടു പേർ മരിച്ചു. 25 പേരെ കാണാതായി. 27 പേരെ രക്ഷപ്പെടുത്തി. 11 ജീവനക്കാരടക്കം 60 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്കായി തെരച്ചിൽ നടന്നുവരികയാണ്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനു സമീപം ഗണ്ടി പോച്ചമ്മ ക്ഷേത്രത്തിൽനിന്നു തിരിച്ച ബോട്ട് കച്ചലൂരുവിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടത്തിൽപ്പെട്ടത്.
ഗോദാവരി നദിയുടെ നടക്കുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പാപികൊണ്ടാലുവിലേക്കു പോകുകയായിരുന്നു ബോട്ട്. വലിയ പാറയിൽ ഇടിച്ചാണ് അപകടമെന്നാണു നിഗമനം.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയുള്ളതായിരുന്നു ബോട്ട്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഈസ്റ്റ് ഗോദാവരി ജില്ലാ കളക്ടർ മുരളീധർ റെഡ്ഡിക്ക് ചീഫ് സെക്രട്ടറി എൽ.വി. സുബ്രഹ്മണ്യം നിർദേശം നല്കി.
എൻഡിആർഎഫിന്റെ രണ്ടു സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഗോദാവരി കരകവിഞ്ഞൊഴുകുകയാണ്. രക്ഷാപ്രവർത്തനത്തെ ഇതു ബാധിച്ചിട്ടുണ്ട്.