2,050 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
Monday, September 16, 2019 12:22 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ ഈ വർഷം വെടിനിർത്തൽ കരാർ ലംഘിച്ചത് 2,050 തവണയെന്ന് ഇന്ത്യ. ആക്രമണത്തിൽ 21 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2003ലെ വെടിനിർത്തൽ കരാർ ലംഘിക്കരുതെന്നും നിയന്ത്രണ രേഖയിലും അതിർത്തിയിലും സമാധാനം പാലിക്കണമെന്നും പാക്കിസ്ഥാനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ലംഘിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജമ്മു കാഷ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്നു പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇന്ത്യ കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിലും തദ്ദേശീയർ കൊല്ലപ്പെടുന്നതിലും രാജ്യത്തിനു കടുത്ത ആശങ്കയുണ്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇത്രയധികം തവണ പാക്കിസ്ഥാൻ കരാർ ലംഘിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കാഷ്മീരിലെ പ്രശ്നങ്ങളിൽ യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളെ ഇടപെടുവിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചത്. ജമ്മു കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടികളിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ, ജമ്മു കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാനു ബന്ധമൊന്നുമില്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാക്കിസ്ഥാൻ ഇടപെടേണ്ട കാര്യമില്ലെന്നും പാക് അധീന കാഷ്മീരിലെ മനുഷ്യാവകാശങ്ങൾ ആദ്യം നോക്കണമെന്നും ഇന്ത്യ മറുപടി നൽകിയിരുന്നു.