ഈച്ചക്കൂട്ടം തടസമായി; എയർ ഇന്ത്യ വിമാനം വൈകിയത് രണ്ടു മണിക്കൂർ
Monday, September 16, 2019 12:22 AM IST
കോൽക്കത്ത: റൺവേയിൽ ഈച്ചക്കൂട്ടം തടസം സൃഷ്ടിച്ചതിനെത്തുടർന്ന് കോൽക്കത്ത-അഗർത്തല വിമാനം വൈകിയത് രണ്ട് മണിക്കൂർ. കോൽക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം. എയർ ഇന്ത്യയുടെ എഐ 743 വിമാനമാണ് ഈച്ചക്കൂട്ടത്തെ പേടിച്ച് വൈകിപ്പറന്നത്.
പ്രധാന റൺവേയിലേക്ക് പോകുന്നതിനിടെ ഈച്ചക്കൂട്ടത്തെ കണ്ടതോടെ പൈലറ്റ് വിമാനം അടിയന്തരമായി നിർത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി ഈച്ചക്കൂട്ടത്തെ തുരത്തിയശേഷമാണ് വിമാനം പറന്നത്.
ഈച്ചകൾ വിമാനത്തിനുള്ളിയിൽ കയറിയാൽ യന്ത്രത്തകരാറുണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണു വിമാനം നിറുത്തിയിട്ടതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. 136 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.