ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിൽ ഇസ്രോ
Tuesday, September 10, 2019 11:55 PM IST
ബംഗളൂരു: ലാൻഡിംഗിനിടെ വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ട വിക്രം ലാൻഡർ തിരികെ പിടിക്കാനുള്ള ശ്രമത്തിൽ ഇസ്രോ ശാസ്ത്രജ്ഞർ. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ-2 ലെ വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രോപരിതലത്തിൽനിന്ന് 2.1 കിലോമീറ്റർ അകലെവച്ചാണ് നഷ്ടപ്പെട്ടതാണ്. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ലാൻഡറെ ഓർബിറ്ററിലെ കാമറകളുടെ സഹായത്തോടെ ഇസ്രോ സംഘം കണ്ടെത്തിയിട്ടുണ്ട്. ലാൻഡറുമായി വാർത്താ വിനിമയ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്ന് ഇസ്രോ ട്വീറ്റ് ചെയ്തു.
ഓർബിറ്റർ നൽകിയ ചിത്രം അനുസരിച്ച് റോവർ വേർപെടാതെ ലാൻഡർ ഒരു കഷ്ണമായി തന്നെ ചന്ദ്രോപരിതലത്ത് ചെരിഞ്ഞു കിടക്കുകയാണ്. സാധാരണ നാലു കാലിൽ നിൽക്കേണ്ട ലാൻഡർ ചെരിഞ്ഞാണു കിടക്കുന്നതെന്ന് ഇസ്രോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ, ലാൻഡറിന്റെ അവസ്ഥയെക്കുറിച്ച് ഇസ്രോ ഔദ്യോഗികമായി ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
ലാൻഡർ, റോവർ എന്നിവയ്ക്ക് 14 ദിവസത്തെ ആയുസാണുള്ളത്. ഇതിനു മുന്പ് ഇവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാണ് ഇസ്രോ ശ്രമിക്കുന്നത്. ലാൻഡിംഗ് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് 500 മീറ്റർ മാറിയാണ് ലാൻഡർ ഇപ്പോൾ പതിച്ചിരിക്കുന്നത്. ലാൻഡറുമായുള്ള വിനിമയബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇസ്രോയിലെ ഒരു സംഘം ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു.