ഭോപ്പാലിൽ അറസ്റ്റിലായ ഭീകരൻ ബജ്രംഗ്ദൾ പ്രവർത്തകനെന്നു കോൺഗ്രസ്
Saturday, August 24, 2019 12:14 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ അറസ്റ്റിലായ, പാക് സഹായം ലഭിച്ച ഭീകരസംഘത്തിലെ അംഗങ്ങളിലൊരാൾ ബജ്രംഗ്ദൾ പ്രവർത്തകനാണെന്ന് കോൺഗ്രസിന്റെ ആരോപണം.
സത്ന കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘത്തിലെ അംഗങ്ങളായ ബലറാം സിംഗ്, സുനിൽ സിംഗ്, സുബ്ഹാം മിശ്ര എന്നിവരെ ബുധനാഴ്ച രാത്രിയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ രണ്ട് കൂട്ടാളികളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പാക്കിസ്ഥാനിൽനിന്നുള്ള ഏതാനുംപേരുമായി മൂവരും ബന്ധപ്പെട്ടിരുന്നുവെന്ന വിവരം അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. തന്ത്രപ്രധാനവിവരങ്ങളും ബാങ്ക് വിവരങ്ങളും ഇവർ കൈമാറിയതായും വ്യക്തമായിരുന്നു.
അറസ്റ്റിലായ ബലറാം സിംഗ് ബജ്രംഗ്ദൾ പ്രവർത്തകനാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കുറ്റത്തിന് 2017 ഫെബ്രുവരി എട്ടിന് ഭീകരവിരുദ്ധസേന (എടിഎസ്) ഇയാളെ അറസ്റ്റ്ചെയ്തിരുന്നു. ബിജെപി യുവജനസംഘടനയായ യുവമോർച്ചയുടെ ഐടി സെൽ കോ-ഓർഡിനേറ്റർ ധ്രുവ് സക്സേന ഉൾപ്പെടെ ഏതാനുംപേരും അന്ന് അറസ്റ്റിലായിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐക്കു വേണ്ടി ഇവർ പ്രവർത്തിച്ചിരുന്നുവെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സുലേജ ആരോപിച്ചു.
അതേസമയം ബലറാം സിംഗിനു സംഘപരിവാർ ബന്ധമുണ്ടോയെന്നു വ്യക്തമല്ലെന്നു ബിജെപി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു. ആര് കുറ്റംചെയ്താലും സർക്കാർ നടപടി സ്വീകരിക്കും-അദ്ദേഹം പറഞ്ഞു.