കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
Wednesday, June 12, 2019 1:19 AM IST
ന്യൂഡൽഹി: ആസാമിൽനിന്ന് അരുണാചൽപ്രദേശിലേക്കു പറക്കവേ കാണാതായ എഎൻ 32 വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജൂൺ മൂന്നിനു ജോർഹട്ടിൽനിന്നു മെൻചുകയിലേക്കു 13 പേരുമായി പറന്ന വിമാനമാണു കാണാതായത്.
അരുണാചലിലെ ലിപോ മേഖലയിലെ വനത്തിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനം തകർന്നുവീണ പ്രദേശത്ത് ഹെലികോപ്റ്ററുകൾ എത്തിയെങ്കിലും ഉയർന്ന മലയും നിബിഡ വനപ്രദേശവുമായതിനാൽ ഇറങ്ങാൻ സാധിച്ചില്ല. റോഡ്മാർഗം ഇവിടേക്ക് എത്താനാകില്ല. ഇന്നു രാവിലെ രക്ഷാപ്രവർത്തനം തുടരും.
തകർന്നുവീണ വിമാനത്തിൽ മൂന്നു മലയാളി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അഞ്ചൽ ഏരൂർ ആലഞ്ചേരി വിജയവിലാസത്തിൽ(കൊച്ചുകോണത്ത് വീട്) ഫ്ളൈറ്റ് എൻജിനിയർ അനൂപ്കുമാർ, തൃശൂർ അത്താണി പെരിങ്ങണ്ടൂർ നടുവിൽമഠത്തിൽ ഹരിഹരന്റെ മകൻ സ്ക്വാഡ്രൻ ലീഡർ വിനോദ്കുമാർ, കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി കുഴിന്പാലോട്മെട്ടയിലെ പി.കെ. പവിത്രന്റെ മകൻ എൻ.കെ. ഷരിൻ എന്നിവരാണു വിമാനത്തിലുണ്ടായിരുന്ന മലയാളികൾ.
ഹെലികോപ്റ്ററുകൾ,സുഖോയ്30, എഎൻ32, സി130 എന്നിവ ഉപയോഗിച്ചുള്ള തെരച്ചിലും ദുരന്തനിവാരണ പ്രവർത്തനങ്ങളും പുരോഗമിക്കവേയാണു വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. കരസേന, ഇന്തോടിബറ്റൻ ബോർഡർ പോലീസ്, സംസ്ഥാന പോലീസ് എന്നിവയും ഗ്രാമീണരും തെരച്ചിൽ നടത്തിയിരുന്നു.
പതിനൊന്ന് വർഷം മുമ്പാണ് അനൂപ് സൈന്യത്തിൽ ചേർന്നത്. ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. വൃന്ദയാ ണു ഭാര്യ. ആറു മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്.
തൃശൂർ സ്വദേശിയാണെങ്കിലും വർഷങ്ങളായി വിനോദ്കുമാറും കുടുംബവും കോയന്പത്തൂർ സിങ്കാനല്ലൂർ വിദ്യാവിഹാർ എൻക്ലേവിലാണ് താമസം. വിനോദ്കുമാറിന്റെ സഹോദരൻ വിവേകും വ്യോമസേനയിലാണ്. ഷരിൻ ഏഴു വർഷം മുന്പാണ് വ്യോമസേനയിൽ ചേർന്നത്. 2017 മേയ് മുതൽ അരുണാചലിലെ മേചുക വ്യോമതാവളത്തിലാണു ജോലി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഷരിനും വണ്ടിക്കാരൻപീടികയിലെ അഷിതയുമായുള്ള വിവാഹം നടന്നത്. ഏഴുമാസം ഗർഭിണിയാണ് അഷിത. അമ്മ: എൻ.കെ.ശ്രീജ. ഏകസഹോദരി: സാലി.