ഗുജറാത്തിൽ മോദിക്ക് ഗംഭീര വരവേൽപ്പ്
Monday, May 27, 2019 12:12 AM IST
അഹമ്മദാബാദ്: അടുത്ത വർഷം ഇന്ത്യയുടെ നഷ്ടമായ സ്ഥാനം വീണ്ടെടുക്കാനുള്ള സമയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ റാലിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ഗുജറാത്തിലെത്തിയ മോദിക്ക് ഗംഭീര വരവേൽപ്പാണു ലഭിച്ചത്. സൂറത്തിലെ ട്യൂഷൻ സെന്ററിൽ തീപിടിത്തത്തിൽ മരിച്ച 22 വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
അടുത്ത അഞ്ചു വർഷം ഇന്ത്യയുടെ ചരിത്രത്തിൽ നിർണായകമാണ്. ലോകത്ത് ഇന്ത്യ അതിന്റെ പ്രാധാന്യം വീണ്ടെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനിയുള്ള അഞ്ചു വർഷം എല്ലാ തലത്തിലുമുള്ള വികസനത്തിനുവേണ്ടി ഉപയോഗിക്കും. -മോദി പറഞ്ഞു. റാലിക്കുശേഷം ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി, അമ്മ ഹീരബെന്നിന്റെ അനുഗ്രഹം വാങ്ങി. നരേന്ദ്ര മോദി ഇന്നു സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും. രണ്ടാമതും തന്നെ വിജയിപ്പിച്ച വാരാണസിയിലെ വോട്ടർമാർക്കു നന്ദി പറയാനാണു മോദിയെത്തുന്നത്. രാവിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിൽ മോദി പ്രാർഥന നടത്തും.