യോഗിയുടെ വിവാദ പ്രസ്താവനകൾ ട്വിറ്റർ നീക്കം ചെയ്തു
Thursday, April 18, 2019 12:43 AM IST
ന്യൂഡൽഹി: മുസ്ലിം ലീഗിനെതിരേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവനകൾ ട്വിറ്റർ നീക്കം ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് ട്വിറ്റർ ഏപ്രിൽ അഞ്ചിനു പോസ്റ്റ് ചെയ്ത ട്വീറ്റുകൾ നീക്കം ചെയ്തത്. പച്ച വൈറസ് എന്ന പരാമർശത്തിനെതിരേ മുസ്ലിം ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി.
രാഷ്ട്രീയ നേതാക്കൾ നടത്തുന്ന വർഗീയ പ്രസ്താവനകൾക്കെതിരേ എന്തു നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി ആരാഞ്ഞതിനു പിന്നാലെ യോഗി ആദിത്യനാഥിനും മായാവതിക്കും അടക്കമുള്ള നേതാക്കൾക്ക് കമ്മീഷൻ പ്രചാരണത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. മുസ്ലിം ലീഗിനെതിരേയുള്ള പരാമർശവും മറ്റ് വിദ്വേഷ പ്രസംഗങ്ങളും പരിശോധിച്ച കമ്മീഷൻ, യോഗിക്ക് 72 മണിക്കൂർ വിലക്കാണ് ഏർപ്പെടുത്തിയത്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരേ യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. മുസ്ലിം ലീഗ് ഒരു വൈറസാണെന്നും അത് കോണ്‍ഗ്രസ് പാർട്ടിയെ ബാധിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിജയിച്ചാൽ ഈ വൈറസ് ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തിരുന്നു. ഇവ അടക്കമുള്ള ട്വീറ്റുകളാണ് ട്വിറ്റർ നീക്കം ചെയ്തത്. ഇതു കൂടാതെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ബിജെപി ഐടി സെൽ നേതാവ് അമിത് മാളവ്യ തുടങ്ങിയവരുടെ വിവാദ പരാമർശങ്ങളും ട്വിറ്റർ നീക്കിയിട്ടുണ്ട്.