വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി
Wednesday, April 17, 2019 12:55 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്റെ ഓഫീസിൽനിന്നു വൻതോതിൽ പണം പിടിച്ചെടുത്തതിനെത്തുടർന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വെല്ലൂരിൽ നാളെയായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നല്കിയതിനു കതിർ ആനന്ദിനെതിരേ കേസെടുത്തിട്ടുണ്ട്. ഡിഎംകെ ട്രഷറർ ദുരൈമുരുകന്റെ മകനാണ് കതിർ ആനന്ദ്.
മാർച്ച് 30ന് ദുരൈ മുരുകന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 10.5 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. രണ്ടു ദിവസത്തിനുശേഷം ഡിഎംകെ ഭാരവാഹിയുടെ സിമന്റ് ഗോഡൗണിൽനിന്ന് 11.53 കോടി രൂപയും പിടികൂടിയിരുന്നു.