തദ്ദേശതെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയ വിമുക്തമാക്കാന്‍ ‘ജനാധികാര ജനമുന്നേറ്റം’
Saturday, March 22, 2025 1:37 AM IST
തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനെ കക്ഷിരാഷ്ട്രീയവിമുക്തമാക്കാന് ലക്ഷ്യമിട്ട് ‘ജനാധികാര ജനമുന്നേറ്റം’ എന്ന പേരിലുള്ള പ്രസ്ഥാനത്തിനു രൂപംനല്‍കിയതായി തൊഴിലാളിസംഘടനാനേതാവും മുന്‍ എംപിയുമായ തമ്പാന് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍, സഹകരണസംഘങ്ങള്‍ എന്നിവയിലേക്കു കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണ്. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സിസ്റ്റം ഓഫ് റീകോള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയപ്രവര്‍ത്തകരെ ഇത്തരം സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റി അഴിമതിക്കു വഴിയൊരുക്കുകയാണ്. ഇതോടെ രാഷ്ട്രീയവും ജനാധിപത്യവും ജനങ്ങള്‍ക്ക് അന്യമായി.
വരുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ കണ്ടെത്തി പിന്തുണ നല്‍കുമെന്നും മേയ് 17നു കൊച്ചിയില്‍ സംസ്ഥാന കണ്വന്ഷന് ചേര്‍ന്നു ഭാവിപ്രവര്‍ത്തന രൂപരേഖയുണ്ടാക്കും. കൺവൻഷനിൽ മേധാ പട്കര്‍, അഡ്വ. പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ്, സന്ദീപ് പാണ്ഡെ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രമ്മേളനത്തിൽ എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ജോണ്‍ ജോസഫ്, കെ.വി. ബിജു, മനോജ് സാരംഗ്, നിത്യാനന്ദ് എന്നിവരും പങ്കെടുത്തു.