മതാടിസ്ഥാനത്തിൽ ഐഎഎസ് വാട്സാപ്പ് ഗ്രൂപ്പ് ; ഗോപാലകൃഷ്ണൻ വിശദീകരണം നൽകണം
Sunday, November 10, 2024 1:03 AM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഇനി സർക്കാരിനു വിശദീകരണം നൽകണം.
വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ ഇടയാക്കിയ സാഹചര്യം അടക്കം കെ. ഗോപാലകൃഷ്ണൻ, ചീഫ് സെക്രട്ടറിയോടു വിശദീകരിക്കണം. ഗോപാലകൃഷ്ണൻ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന്റെ തുടർനടപടി തീരുമാനിക്കുക. അടുത്ത ദിവസം ചീഫ് സെക്രട്ടറി ഹിയറിംഗ് നടത്തും.
ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്തിട്ടില്ലെന്നും വാട്സ് ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചത് അദ്ദേഹം തന്നെയാകാമെന്നും വ്യക്തമാക്കുന്ന പോലീസ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരനു കൈമാറി.
ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്തിട്ടില്ലെന്ന വാട്സ് ആപ്, ഗൂഗിൾ, ഫോറൻസിക് ലാബ് എന്നിവയുടെ പരിശോധനാ ഫലം അടക്കമുള്ള പോലീസിന്റെ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ, സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
കഴിഞ്ഞമാസം 30നാണ് കെ. ഗോപാലകൃഷ്ണൻ, ഐഎഎസ് ഉദ്യോഗസ്ഥരുടെ മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത്.
ആദ്യം ഹിന്ദുക്കളായ ഉദ്യോഗസ്ഥരുടെ വാട്സ് ഗ്രൂപ്പ് "മല്ലു ഹിന്ദു ഗ്രൂപ്പ് ' എന്ന പേരിൽ രൂപീകരിച്ചു. ചില പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥർ ഇക്കാര്യം പുറത്തു വിട്ടതിനു പിന്നാലെ മുസ്ലിം ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചു.
ഗൂഗിളും വാട്സ്ആപ്പും ഇന്റർനെറ്റ് സേവനദാതാക്കളും ഫോണ് ഹാക്ക് ചെയ്തുവെന്ന ആരോപണം നിഷേധിച്ചതായാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. പിന്നീട് ഫോറൻസിക് ലാബിലെ പരിശോധനയിലും ഹാക്കിംഗ് കണ്ടെത്താനായില്ല.
ഗോപാലകൃഷ്ണന്റെ ഫോണിന്റേത് അല്ലാത്ത ഐപി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പുകളുണ്ടാക്കി എന്നല്ലാതെ സന്ദേശങ്ങൾ കൈമാറിയിട്ടില്ല. ഇതിനാൽ പോലീസ് കേസെടുത്തിട്ടില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക.