കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം പാലായില്‍ 15 മുതൽ
Sunday, November 10, 2024 1:03 AM IST
പാലാ: ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മൂന്നു വിഭാഗങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം 15 മുതല്‍ 17 വരെ അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടക്കും.
1993ല്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്. ബിഷപ്പുമാർ, വൈദികര്‍, സന്യസ്തര്‍, അല്‍ മായർ എന്നിങ്ങനെ സഭയുടെ ശുശ്രൂഷയില്‍ പങ്കാളികളാകുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ പാസ്റ്ററല്‍ കൗണ്‍സിലാണ് സിസിഐ.
മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സംബന്ധിക്കും.
‘ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ അല്‍ മായരുടെ സവിശേഷ പങ്ക് എന്നതാണ് ഇത്തവണത്തെ മുഖ്യപ്രമേയം. 2017ല്‍ ബംഗളുരുവിൽ കൂടിയതിനു ശേഷം സിസിഐ യോഗം പാലായിലാണ് നടക്കുന്നതെന്ന് പരിപാടികളുടെ ചുമതല വഹിക്കുന്ന വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോളി വടക്കന്‍, മോണ്‍. ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ. ജോസ് തറപ്പേല്‍, ഫാ. ജീമോന്‍ പനച്ചിക്കല്‍കരോട്ട് എന്നിവര്‍ അറിയിച്ചു.