നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്: മന്ത്രി കെ. രാജന്
Wednesday, October 16, 2024 2:24 AM IST
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരേ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ. രാജന്. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഃഖകരവുമാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായത്.
മരണത്തില്‍ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. അദ്ദഹത്തിന്റെ മരണത്തിലും അതിലേക്കു നയിച്ച കാരണത്തിലും സമഗ്ര അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കും.
പൊതുപ്രവര്‍ത്തകര്‍ ഇടപെടലുകളില്‍ പക്വത കാണിക്കണമെന്ന്, യാത്രയയപ്പ് വേളയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ അഴിമതിയാരോപണത്തില്‍ കെ. രാജന് അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികള്‍, ആരാണെങ്കിലും പൊതു സമൂഹത്തിനകത്ത് ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലും പക്വതയും ധാരണയും ഉണ്ടാകണം. അവിടെ നടന്നതിനെക്കുറിച്ച് പൂര്‍ണമായ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. എന്തായാലും അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പിലെ നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാവുന്ന ഒരു ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. ഏതെങ്കിലും തരത്തില്‍ മോശപ്പെട്ടൊരു പരാതി ലഭ്യമായിട്ടില്ല.
2025 ഏപ്രില്‍ മാസത്തിനകം നവീന്റെ സര്‍വീസ് അവസാനിക്കും. കുറഞ്ഞ കാലം മാത്രമേ ഇനി സര്‍വീസില്‍ ഉള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണു പത്തനംതിട്ട എഡിഎം ആയി മാറ്റി നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.