ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾ
Wednesday, October 16, 2024 12:22 AM IST
സാബു ജോണ്
തിരുവനന്തപുരം: ചർച്ച അനുവദിക്കില്ലെന്നു കരുതിയാണോ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്? ഭരണപക്ഷത്തെ മന്ത്രിമാരിൽ പലർക്കും അങ്ങനെയൊരു സംശയമുണ്ട്. ചർച്ച നടത്തി വിശാലമായി സംസാരിച്ച് ഒടുവിൽ മന്ത്രി മറുപടി പറയാൻ തുടങ്ങുന്പോൾ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയാൽ ഇങ്ങനെ സംശയിക്കാനല്ലേ പറ്റൂ.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടിക്കിടെയാണ് പെട്ടെന്ന് എഡിഎം നവീൻ ബാബുവിന്റെ മരണം സണ്ണി ജോസഫ് സഭയിൽ ഉന്നയിച്ചത്. അതും മന്ത്രി പ്രസംഗിക്കുന്നതിനിടെ. മറുപടി പറയാമെന്നു പറഞ്ഞിട്ടും പ്രതിപക്ഷം അടങ്ങിയില്ല.
നടുത്തളത്തിൽ വന്നു മുദ്രാവാക്യം മുഴക്കി മിന്നായം പോലെ മാഞ്ഞുപോയി. വൈകുന്നേരത്തേക്കു ട്രെയിൻ ടിക്കറ്റ് എടുത്തു കാണുമെന്നായിരുന്നു കെ.എൻ. ബാലഗോപാൽ ആത്മഗതം പോലെ പറഞ്ഞത്.
അടിയന്തരപ്രമേയ ചർച്ചയ്ക്കു തുടക്കമിട്ട മാത്യു കുഴൽനാടനെ ഉന്നംവച്ചായിരുന്നു പിന്നീട് ഭരണപക്ഷത്തുനിന്നു പ്രസംഗിച്ചവരെല്ലാം സംസാരിച്ചത്. അല്ലെങ്കിലും കുഴൽനാടനോടു ഭരണപക്ഷത്തിനു പ്രത്യേക സ്നേഹമാണല്ലോ.
നരസിംഹറാവുവിന്റെ നേതൃത്വത്തിൽ ഉദാരവത്കരണം കൊണ്ടുവന്നതിലൂടെ രാജ്യം വികസനക്കുതിപ്പു കൈവരിച്ചതിനെക്കുറിച്ചു പറഞ്ഞ കുഴൽനാടൻ, രത്തൻ ടാറ്റ അക്കാലത്ത് റാവുവിനെ അഭിനന്ദിച്ച് എഴുതിയ കത്തും വായിച്ചു.
ഇത്രയും മഹാനായ റാവു മരിച്ചപ്പോൾ മൃതദേഹം എഐസിസിയിൽ പൊതുദർശനത്തിനു വയ്ക്കാൻ എന്തു കഷ്ടപ്പെട്ടു എന്ന് വി.കെ. പ്രശാന്ത് ചോദിച്ചു. കോടിയേരിയുടെ മൃതദേഹം എകെജി സെന്ററിൽ വയ്ക്കാതിരുന്നതു പോലെയാണോ എന്ന് എം. വിൻസന്റ് തിരിച്ചു ചോദിച്ചു.
സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം കേന്ദ്രം കാട്ടുന്ന അവഗണനയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ പ്രധാന ആക്ഷേപം. ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധമെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മാത്യു കുഴൽനാടനെയും പച്ചയ്ക്കു പേരെടുത്തു പറഞ്ഞു വിമർശിച്ചത് പി.പി. ചിത്തരഞ്ജനാണ്.
എൻ.കെ. പ്രേമചന്ദ്രൻ ഇതിന്റെ ഇടനിലക്കാരനാണെന്നും ചിത്തരഞ്ജൻ പറയുന്നുണ്ടായിരുന്നു. പ്രതിപക്ഷം സ്വയം ശവക്കുഴി തോണ്ടുകയാണെന്നു പറഞ്ഞ് ജോബ് മൈക്കിൾ അവരെ ശപിച്ചു.
കാശില്ലാത്തതുകൊണ്ട് ഒന്നും നടക്കുന്നില്ലെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. വയനാടിനു കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടാത്തത് തങ്ങളുടെ കുഴപ്പം കൊണ്ടാണോ എന്നു ധനമന്ത്രി ബാലഗോപാൽ ചോദിച്ചു.
അതെ എന്ന കാര്യത്തിൽ കുഞ്ഞാലിക്കുട്ടിക്കു സംശയമില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്ത് മന്ത്രിമാരുമായി ഡൽഹിയിൽ പോയി ദിവസങ്ങളോളം കയറിയിറങ്ങി കിട്ടാനുള്ളതെല്ലാം വാങ്ങി വന്നിരുന്ന കാര്യം കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്നു കേന്ദ്രത്തിൽ കോണ്ഗ്രസ് സർക്കാർ ആയിരുന്നില്ലേ എന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ചോദിച്ചു. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് കേന്ദ്രം ബിജെപി ഭരിച്ചിരുന്നപ്പോഴും ഇതേപോലെ കേന്ദ്രത്തിൽനിന്നു വാങ്ങിയെടുത്തിട്ടുണ്ടെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രത്തെ വിമർശിക്കുന്നതിൽ പ്രതിപക്ഷം കൂടെക്കൂടിയാലും നിങ്ങൾക്ക് ഒന്നും വാങ്ങിയെടുക്കാനുള്ള പ്രാപ്തി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
സമ്മേളനത്തിന്റെ അവസാനദിനം ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് പറയാനും എഡിജിപി വിഷയത്തിൽ സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കുവാനും ഭരണപക്ഷത്തുനിന്നു സബ്മിഷനുകൾ ഉണ്ടായി. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകി.
വിവരാവകാശനിയമപ്രകാരം അപേക്ഷ കൊടുത്തിട്ടും പുറത്തുവിടാതിരുന്ന എഡിജിപി എം.ആർ. അജിത്കുമാറുമായി ബന്ധപ്പെട്ട രണ്ട് അന്വേഷണ റിപ്പോർട്ടുകളും മുഖ്യമന്ത്രി സഭയിൽ വച്ചു.
അങ്ങനെ അതു പൊതുരേഖയായി മാറി. അടിയന്തരപ്രമേയ ചർച്ചകളിൽ റിക്കാർഡ് സൃഷ്ടിച്ച സമ്മേളനം ഇന്നലെ അവസാനിച്ചു. ഇനി നിയമസഭയ്ക്കുള്ളിൽനിന്നു രാഷ്ട്രീയപാർട്ടികൾ ഉപതെരഞ്ഞെടുപ്പുകളുടെ ആരവങ്ങളിലേക്ക് ഇറങ്ങുകയാണ്.