സംസ്ഥാനത്തു ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കും: മന്ത്രി പി. രാജീവ്
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി പി. രാജീവ്.
കസ്റ്റംസ് ക്ലിയറൻസ്, കണ്ടെയ്നർ ഗതാഗതം, വെയർഹൗസിംഗ്, സ്റ്റോറേജ് പാക്കിംഗ്, ലേബലിംഗ് മുതലായ ഒട്ടനവധി സേവനങ്ങൾ ലോജിസ്റ്റിക് പാർക്കുകളിലൂടെ ലഭ്യമാകും.
സംസ്ഥാനത്തെ റോഡ് ശൃംഖലയും റെയിൽ, ജലഗതാഗതം എന്നിവയുടെ ആനുകൂല്യങ്ങളും വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ സാന്നിധ്യവും ലോജിസ്റ്റിക് മേഖലയ്ക്ക് അനുകൂല ഘടകമാണ്.
ലോജിസ്റ്റിക് മേഖലയുടെ വികസനത്തിനും ഈ മേഖലയിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണു സർക്കാർ ലോജിസ്റ്റിക്സ് പാർക്ക് പോളിസി തയാറാക്കിയത്.
ഇതുപ്രകാരം പത്തേക്കർ ഭൂമിയിൽ ലോജിസ്റ്റിക്സ് പാർക്കുകളും അഞ്ചുമുതൽ പത്തേക്കർ ഭൂമിയിൽ മിനി ലോജിസ്റ്റിക് പാർക്കുകളും നിർമിക്കാൻ സർക്കാർ പ്രോത്സാഹനം നൽകും.
അടുത്ത വർഷം ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിൽ സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി റൗണ്ട് ടേബിളുകളും സംസ്ഥാനത്തിനു പുറത്തുള്ള റോഡ് ഷോകളും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.