സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ജില്ലാ-ബ്ലോക്ക് തല നിരീക്ഷണ സമിതികൾ രൂപീകരിക്കും
Wednesday, October 16, 2024 12:22 AM IST
പത്തനംതിട്ട: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ പുതിയ നിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതി നടത്തിപ്പിന് ജില്ലാ-ബ്ലോക്ക് തല മോണിറ്ററിംഗ് സമിതി രൂപീകരിക്കാനുള്ള ഉത്തരവാണ് ഇതിൽ പ്രധാനം.
ഭക്ഷണസാമഗ്രികൾ സ്കൂളിലെത്തിക്കാനുള്ള ചുമതല ഉച്ചഭക്ഷണ കമ്മിറ്റിക്കാണെന്നും പ്രധാനാധ്യാപകനെ സഹായിക്കാൻ രണ്ട് അധ്യാപകരെ നിയമിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
നിലവിൽ പിടിഎ പ്രസിഡന്റ് ചെയർമാനും പ്രധാനാധ്യാപകൻ കൺവീനറുമായ സ്കൂൾ തല കമ്മിറ്റിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ഈ കമ്മിറ്റിയെ സഹായിക്കാൻ ഇനി മുതൽ ജില്ലാ-ബ്ലോക്ക് തല മോണിറ്ററിംഗ് സമിതികളുണ്ടാകും. ജില്ലാ കളക്ടർ ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ കൺവീനറുമായാണ് ജില്ലാതല സമിതി രൂപീകരിക്കേണ്ടത്.
ജില്ലയിലെ പദ്ധതി നടത്തിപ്പ് ഏകോപനമാണ് സമിതിയുടെ ചുമതല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൺവീനറുമായാണ് ബ്ലോക്ക് മോണിറ്ററിംഗ് സമിതി രൂപീകരിക്കേണ്ടത്.
ഭക്ഷ്യവസ്തുക്കൾ സ്കൂളിൽ എത്തിക്കാൻ ക്രമീകരണം ഒരുക്കേണ്ടത് സ്കൂൾ തല കമ്മിറ്റിയാണ്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് പ്രധാനാധ്യാപകനെ സഹായിക്കാൻ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി രണ്ട് അധ്യാപകരെവരെ നിയമിക്കാം.
പ്രധാനാധ്യാപകൻ തന്നെ ഇവരെ നിയമിക്കണം. രണ്ട് അധ്യാപകരുണ്ടെങ്കിൽ ഒരാൾ രജിസ്റ്ററുകളും ബില്ലുകളും മറ്റൊരാൾ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും നിർവഹിക്കണം. നടത്തിപ്പിനു പണം ഇല്ലെങ്കിൽ സ്കൂളിൽ ലഭ്യമായ ഏത് ഫണ്ടും ഉപയോഗിക്കാനും അനുമതിയുണ്ട്.