പോഷ് ആക്ട് ചട്ടം ഭേദഗതി: വനിതാ കമ്മീഷന് കോടതിയില്‍
Tuesday, October 15, 2024 1:29 AM IST
കൊച്ചി: തൊഴിലിടങ്ങളില്‍ വനിതകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോഷ് ആക്ടിന്റെ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് കാര്യക്ഷമമാക്കാന്‍ കേന്ദ്രത്തോടു നിര്‍ദേശിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിചേര്‍ക്കണമെന്നും കമ്മീഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
സിനിമാ സംഘടനകള്‍ രൂപവത്കരിച്ച ആഭ്യന്തര പരാതിപരിഹാര സമിതികളില്‍ പലതും നിയമപരമല്ല. പലതും പോഷ് ആക്ട് വകുപ്പുപ്രകാരം രൂപവത്കരിച്ചതല്ല. കേന്ദ്ര വ്യവസ്ഥകളിലെ വൈരുധ്യം കാരണം സംസ്ഥാന സര്‍ക്കാരിന് ഇനിയും പോഷ് ആക്ടിന് അനുസൃതമായ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാനായിട്ടില്ല.
നിയമലംഘനമുണ്ടായാല്‍ ആരാണ് പരാതിപ്പെടേണ്ടതെന്നതിലടക്കം വ്യക്തതയില്ലെന്നും വനിതാ കമ്മീഷന് നല്കിയ വിശദീകരണത്തില്‍ പറയുന്നു. അതിനാലാണു ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന വനിതാ കമ്മീഷന്റെ ആവശ്യം.
കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ലിംഗനീതി പരിശീലനം നല്‍കുമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ വനിതാ കമ്മീഷന് സ്വാഗതംചെയ്തു.
വനിതകള്‍ക്കു സിനിമാ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. പ്രൊഡക്ഷന്‍ ജോലികളില്‍ ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് മുന്‍ഗണന നല്‍കണം.
ഫിലിം സര്ട്ടിഫിക്കേഷന് ഈ വ്യവസ്ഥ നിര്‍ബന്ധമാക്കണം. കഥാപാത്ര സൃഷ്ടി സ്ത്രീകളുടെ അന്തസ് ഹനിക്കാത്ത വിധമാകണമെന്നാണു വനിതാ കമ്മീഷന് കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നത്.