നാല് ബില്ലുകൾ നിയമസഭ പാസാക്കി
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായുള്ള 2024 ലെ പ്രവാസി കേരളീയരുടെ ക്ഷേമ(ഭേദഗതി) ബിൽ ഉൾപ്പെടെ നാല് ബില്ലുകൾ നിയമസഭ പാസാക്കി.
പ്രവാസി ക്ഷേമ ബോർഡിന്റെ ചെയർമാൻ പ്രവാസിയോ കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരുന്ന വ്യക്തിയോ ആയിരിക്കണമെന്ന ഭേദഗതി ഉൾക്കൊള്ളുന്നതാണ് ബിൽ.
ഇതിനു പുറമെ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ നിയമനങ്ങൾ പിഎസ്സിക്കു വിടാൻ വ്യവസ്ഥ ചെയ്യുന്ന 2024 ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കന്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി ബിൽ, വെറ്ററിനറി സർവകാശാല വാർഷിക കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും മാർച്ച് ഒന്നാം തീയതിയിലോ അതിനു മുൻപോ സർക്കാരിന് സമർപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2023 ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല (ഭേദഗതി) ബിൽ, സംസ്ഥാനത്ത് മികച്ച ഇനം കന്നുകാലികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കന്നുകാലി പ്രജനന നിയന്ത്രണ അതോറിറ്റി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2023 ലെ കേരള കന്നുകാലി പ്രജനന ബിൽ എന്നീ ബില്ലുകളും നിയമസഭ പാസാക്കി.