അധ്യാപക ദന്പതികളും മക്കളും മരിച്ചനിലയിൽ
Tuesday, October 15, 2024 1:29 AM IST
തൃപ്പൂണിത്തുറ: മാമല കക്കാട് നാലംഗ കുടുംബം മരിച്ചനിലയിൽ. അധ്യാപക ദന്പതികളായ കക്കാട് പടിഞ്ഞാറേ വാര്യത്ത് രഞ്ജിത്ത് (40), ഭാര്യ രശ്മി (36), മക്കളായ ആദി (ഒന്പത്), ആദ്യ (ഏഴ്) എന്നിവരാണു മരിച്ചത്.
കക്കാടുള്ള വീട്ടിൽ രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിമരിച്ച നിലയിലാണു കണ്ടത്. കുട്ടികളെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ നേരമേറെ കഴിഞ്ഞിട്ടും വീട്ടിൽനിന്നു ശബ്ദമൊന്നും കേൾക്കാതിരുന്നതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണു സംഭവം അറിഞ്ഞത്.
ഉദയംപേരൂർ കണ്ടനാട് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട എസ്എൻ പബ്ലിക് സ്കൂൾ അധ്യാപികയും. മക്കൾ ഇരുവരും എസ്എൻ പബ്ലിക് സ്കൂൾ വിദ്യാർഥികളാണ്. നാലു പേരുടെയും മൃതദേഹം മെഡിക്കൽ കോളജിനു വൈദ്യപഠനത്തിനു നൽകണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പ് മൃതദേഹത്തിന്റെ അടുത്തുനിന്നു കണ്ടെത്തിയിരുന്നു.
സാന്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണു സൂചന. എന്നാൽ മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലുളള സാന്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്നു കരുതുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. ചില ബാങ്കുകളിൽനിന്നു ലോണ് തിരിച്ചടവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുണ്ടായിരുന്നതായി പറയുന്നു.
മരിച്ച രഞ്ജിത്തിന് കക്കാടുള്ള വീടിനു പുറമേ, ഭാര്യയുടെ വിഹിതമായി കിട്ടിയ സ്ഥലത്ത് മറ്റൊരു വീടുകൂടിയുള്ളതായി പറയുന്നുണ്ട്. ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ഇന്നു നടക്കും.