ആര്‍എസ്എസ് അജൻഡ നടപ്പിലാക്കാൻ സിപിഎം ശ്രമം: കെപിസിസി
Monday, October 14, 2024 5:44 AM IST
കൊച്ചി: ശബരിമലയില്‍ അശാസ്ത്രീയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പിന്നില്‍ ആര്‍എസ്എസ് അജൻഡ നടപ്പിലാക്കുന്നതിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി.
തീര്‍ഥാടന കാലത്ത് സര്‍ക്കാര്‍ മനഃപൂര്‍വമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഡയറക്ട് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അതിന്റെ ഭാഗമാണെന്നും നേതൃയോഗം വിലയിരുത്തി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിനായി സിപിഎം-ബിജെപി അന്തര്‍ധാര കൂടുതല്‍ സജീവമാക്കുകയാണ്. തൃശൂര്‍പൂരം കലക്കുന്നതിന് ഇതേ സഖ്യമാണ് പ്രവര്‍ത്തിച്ചതെന്ന് യോഗം വിലയിരുത്തി.
സംഘടനാ ശക്തീകരണവുമായി ബന്ധപ്പെട്ട നടപടികളും യോഗം വിലയിരുത്തി.
ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു വാര്‍ഡ് കമ്മിറ്റി രൂപീകരണത്തിന്റെ പുരോഗതി തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.