ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
Monday, October 14, 2024 5:17 AM IST
കോഴിക്കോട്: നാടക സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.
പതിമൂന്നാം വയസിലാണു വാസന്തി പച്ചപ്പനംതത്തേ… എന്ന പാട്ടു പാടി ശ്രദ്ധേയയായി. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരം ലഭിച്ചത് വാസന്തിക്കാണ്. ആദ്യ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അതേവർഷം രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ രണ്ടു പാട്ടു പാടി. പി. ഭാസ്കരൻ മാഷിന്റെ രചനയിൽ ബാബുരാജ് ഈണം പകർന്ന “തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും…’, “ആരു ചൊല്ലിടും ആരു ചൊല്ലിടും…’ എന്നീ ഗാനങ്ങളാണ് മച്ചാട്ട് വാസന്തി ആലപിച്ചത്.
സിനിമാ ഗാനങ്ങൾക്ക് പുറമെ നാടക രംഗത്തും വാസന്തി തിളങ്ങി. ഗായിക മാത്രമായല്ല നായികയായും നിരവധി നാടകങ്ങളുടെ ഭാഗമായി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആന്റണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിലും തിക്കോടിയന്റെ നിരവധി നാടകങ്ങളിലും വാസന്തി അഭിനേതാവും ഗായികയുമായി.
മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ.. മധുരക്കിനാവിൻറെ കിരിമ്പു തോട്ടം’’, എന്ന ബാബു രാജ് ഈണം നൽകി യേശുദാസിനൊപ്പം പാടിയ ഗാനം വാസന്തിയെ കൂടുതൽ ശ്രദ്ധേയയാക്കി. മീശമാധവൻ എന്ന ചിത്രത്തിൽ പത്തിരി ചുട്ടു വിളമ്പിവിളിച്ചത് എന്ന ഗാനവും മച്ചാട്ട് വാസന്തി ആലപിച്ചു. സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമായി ആയിരക്കണക്കിന് പാട്ടുകൾ പാടി.
ഗായകനും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ്. ഒൻപതാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: മുരളി, സംഗീത. ഇന്ന് രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം.