‘എആര്‍എം’ വ്യാജപതിപ്പ്: തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
Saturday, October 12, 2024 1:48 AM IST
കൊച്ചി: ടൊവിനോ ചിത്രം ‘എആര്‍എമ്മി’ന്റെ വ്യാജപതിപ്പ് ചിത്രീകരിച്ചു പ്രചരിപ്പിച്ച കേസില്‍ രണ്ടു തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. തമിഴ് റോക്കേഴ്സിലെ അംഗങ്ങളായ സത്യമംഗലം സ്വദേശി പ്രവീണ്‍കുമാര്‍ (31), തിരുപ്പൂര്‍ സ്വദേശി കുമരേശന്‍ (29) എന്നിവരെ കൊച്ചി സിറ്റി സൈബര്‍ പോലീസാണു പിടികൂടിയത്.
കഴിഞ്ഞദിവസം റിലീസായ രജനീകാന്ത് ചിത്രം ‘വേട്ടയാ’ന്റെ വ്യാജപതിപ്പ് ബംഗളൂരുവിലെ ഗോപാലന് മാളിലെ തിയറ്ററില്‍നിന്നും ചിത്രീകരിച്ച് മടങ്ങുന്നതിനിടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് കൊച്ചിയിലെത്തിച്ച ഇവരെ വിശദമായ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിക്കുന്ന പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ സിനിമ പ്രചരിപ്പിച്ചിരുന്ന വണ്‍ തമിഴ്എംവി എന്ന വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പോലീസ് മരവിപ്പിച്ചു.
പ്രതികള്‍ മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെ സിനിമകള്‍ റിലീസ് ചെയ്താലുടന്‍ വ്യാജമായി ചിത്രീകരിച്ച് വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുകയായിരുന്നു രീതി. വെബ്സൈറ്റിലെ പരസ്യങ്ങളില്‍നിന്നാണ് ഇവര്‍ പ്രധാനമായും വരുമാനം നേടിയിരുന്നത്. ഇതിനുപുറമെ മറ്റു ഗ്രൂപ്പുകള്‍ക്ക് വ്യാജപതിപ്പ് വിലയ്ക്കു വില്ക്കാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
‘എആര്‍എം’ സിനിമയുടെ വ്യാജപതിപ്പ് കോയമ്പത്തൂരിലെ എസ്ആര്‍കെ മിറാജ് തിയറ്ററില്നിന്നാണു പ്രതികള്‍ ചിത്രീകരിച്ചത്. പിന്നീട് ഇതു ടെലിഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിജിപിക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു.
സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതു സംബന്ധിച്ച വിവരം സംവിധായകന് ജിതിന് ലാല്‍ തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ മൊബൈലില്‍ ചിത്രം കാണുന്ന വീഡിയോ ഹൃദയഭേദകമായ കാഴ്ചയെന്ന കുറിപ്പോടെ ജിതിന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെതിരേ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ടൊവിനോയും രംഗത്തെത്തിയിരുന്നു.രണ്ടു മാസം മുമ്പ് ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ചു പ്രചരിപ്പിച്ച കേസിലെ പ്രതികളെ കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.