ശബരിമലയിൽ വെർച്വൽ ക്യൂ മതിയെന്നു തീരുമാനം: ബോർഡ് പ്രസിഡന്റ്
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയത്. മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും തീരുമാനങ്ങൾ ഇരുന്പുലക്കയല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയാൽ ദർശനം നഷ്ടപ്പെടാൻ സാധ്യതയുള്ള ഭക്തർക്ക് ദർശനമൊരുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ബോർഡ് സർക്കാരുമായി കൂടിയാലോചന നടത്തും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഓണ്‍ലൈൻ ബുക്കിംഗിലൂടെ 80,000 പേർക്ക് മാത്രം പ്രതിദിനം ദർശനമൊരുക്കിയാൽ മതിയെന്ന് തീരുമാനിച്ചത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ ബോർഡ് സർക്കാരിനെ ആശങ്കകൾ അറിയിച്ചിട്ടുണ്ട്.
വെർച്വൽ ക്യൂ സർക്കാരും ദേവസ്വം ബോർഡും ഒരുമിച്ചെടുത്ത തീരുമാനമാണ്. ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷയ്ക്ക് ദർശനത്തിനെത്തുന്നവരുടെ ആധികാരിക രേഖ അത്യന്താപേക്ഷിതമാണ്. സ്പോട്ട് ബുക്കിംഗ് എൻട്രി പാസ് മാത്രമാണെന്നും ആധികാരിക രേഖയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈൻ ബുക്ക് ചെയ്തില്ലെങ്കിലും ദർശനം സാധ്യമാകുമെന്ന തോന്നലാണ് സ്പോട്ട് ബുക്കിംഗ് വർധിക്കാനിടയാക്കിയത്. കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തരെ തടയേണ്ട സാഹചര്യമുണ്ടായത് ജനത്തിരക്ക് നിയന്ത്രണാതീതമായതുകൊണ്ടാണ്.
വെർച്വൽ ക്യൂവിലൂടെയേ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകൂ. കഴിഞ്ഞ തവണ ദിവസം 30,000 ഭക്തർ വരെ സ്പോട്ട് ബുക്കിംഗിലൂടെ എത്തി. തിരക്കേറിയപ്പോൾ സ്പോട്ട് ബുക്കിംഗ് പോലുമില്ലാതെ പേരും ഫോണ്‍ നന്പരും രേഖപ്പെടുത്തി പോലീസിന് ഭക്തരെ കടത്തിവിടേണ്ടിവന്നു.
ഏതെങ്കിലും കാരണവശാൽ ഭക്തനെക്കുറിച്ചുള്ള വിവരം ശേഖരിക്കേണ്ടിവന്നാൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ലഭിക്കുന്ന ഡേറ്റ പ്രയോജനം ചെയ്യും. ഓണ്‍ലൈനിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ എൻക്രിപ്റ്റഡ് ഫോർമാറ്റിൽ സൂക്ഷിക്കുന്നതിനാൽ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ട. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർക്ക് ദർശനത്തിനെത്താൻ 24 മണിക്കൂർ മുൻപും പിൻപും സാവകാശം നൽകും.
പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 11 വരെയുമാണ് പുനഃക്രമീകരിച്ച ദർശനസമയമെന്നും പ്രസിഡന്റ് അറിയിച്ചു.