നായസ്നേഹിയുടെ പരിദേവനങ്ങൾ
Saturday, October 12, 2024 1:48 AM IST
സാബു ജോണ്
നായസ്നേഹിയാണ് എൽദോസ് പി. കുന്നപ്പിള്ളിൽ. എന്നിട്ടും തെരുവുനായയുടെ കടിയേറ്റു. ഡൽഹിയിലെ നായയ്ക്ക് കേരളത്തിലെ എൽദോസ് പി. കുന്നപ്പിള്ളിലിനെ അറിയാത്തതുകൊണ്ടാകാം കടിച്ചത്.
ഇങ്ങനെ ഒരു ദുരനുഭവമുണ്ടായിട്ടും എൽദോസിനു തെരുവുനായകളോടു വിദ്വേഷമോ അനിഷ്ടമോ ഒന്നുമില്ല. തെരുവിലൂടെ നടന്ന രണ്ടു നായകളെ ദത്തെടുത്തു വളർത്തുന്നുമുണ്ട്.
അലഞ്ഞുതിരിയുന്ന അക്രമസ്വഭാവം കാണിക്കുന്ന തെരുവുനായകളെ സുരക്ഷിതസ്ഥാനത്തു പാർപ്പിക്കണമെന്നൊരു അഭ്യർഥനയുമായാണ് എൽദോസ് ഇന്നലെ നിയമസഭയിലെത്തിയത്. സ്വകാര്യ ബില്ലായാണ് ഇക്കാര്യം അവതരിപ്പിച്ചത്.
ഇങ്ങനെയൊരു ബില്ലിന്റെ ആവശ്യമേയില്ലെന്നാണു മറുപടി പറഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട്. അനിമൽ ബർത്ത് കണ്ട്രോൾ ആക്ട് പ്രകാരം മാത്രമേ മൃഗങ്ങളെ പാർപ്പിക്കാൻ കഴിയൂ എന്നു തദ്ദേശമന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആ നിയമങ്ങളാണെങ്കിൽ കടുകട്ടിയാണത്രേ.
സ്വകാര്യബില്ല് അംഗീകരിക്കാൻ നിർബന്ധിക്കരുതെന്നാണു മന്ത്രി ശശീന്ദ്രൻ എൽദോസിനോട് അഭ്യർഥിച്ചത്. താൻ നിർബന്ധിക്കുമെന്നായി എൽദോസ്. കുട്ടികളും സ്ത്രീകളും പ്രായമായവരുമെല്ലാം ഭയപ്പെട്ടാണത്രെ പുറത്തിറങ്ങുന്നത്.
എപ്പോഴാണു തെരുവുനായ ചാടിവീഴുന്നതെന്നു പറയാൻ കഴിയില്ല. തെരുവുനായയുടെ ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്താൻ എൽദോസ് ഉദ്ധരിച്ചത് ദീപികയിൽ വന്ന റിപ്പോർട്ട് ആയിരുന്നു.
താൻ തെരുവിൽനിന്നു രണ്ടു നായ്ക്കളെ വീട്ടിൽ കൊണ്ടുപോയി വളർത്തുന്നുണ്ടെന്ന് പി.വി. ശ്രീനിജൻ ചൂണ്ടിക്കാട്ടി. എല്ലാ എംഎൽഎമാരും ഈ മാതൃക പിന്തുടരണമെന്നും ശ്രീനിജൻ അഭ്യർഥിച്ചു. തെരുവുനായ്ക്കളെ ഭക്ഷിക്കുന്നവരുണ്ടെന്ന് ഇ.ടി. ടൈസണ് മാസ്റ്റർ പറഞ്ഞു.
ആ വഴിക്കൊന്നു ചിന്തിച്ചാലോ എന്നും ചോദിച്ചു. നായ്ക്കളെ കൊന്നുതള്ളുന്ന കാര്യം പാവം എൽദോസിനു ചിന്തിക്കാനേ കഴിയുന്നില്ല. ഓരോ പഞ്ചായത്തിലും ഒരു കേന്ദ്രം വീതം ഒരുക്കി തെരുവുനായ്ക്കളെ അവിടെ പാർപ്പിച്ചു ഭക്ഷണം നൽകി സംരക്ഷിച്ചാൽ മതിയെന്നാണ് എൽദോസിന്റെ പക്ഷം.
തെരുവുനായ്ക്കൾ തന്റെ വീട്ടിലും വരുമെന്നും ഭയന്നു ഭക്ഷണം കൊടുക്കുകയാണെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു. അടുത്ത ദിവസം തന്റെ വീട്ടിൽ മയിലുകൾ വന്നെന്നും കുറുക്കോളി പറഞ്ഞു.
മയിലുകൾ വന്നാൽ ഒരു ഭംഗിയെങ്കിലുമുണ്ടല്ലോ എന്ന് എൽദോസ് ചോദിച്ചു. അതു കുറുക്കോളിയെപ്പോലുള്ള മാന്യന്മാരുടെ വീടുകളിലേ വരികയുള്ളൂ. തെരുവുനായ്ക്കളുടെ കാര്യം അങ്ങനെയല്ലല്ലോ.
തെരുവുനായകളുടെ അക്രമസ്വഭാവത്തിന്റെ കാരണമെന്തെന്ന് എൽദോസിനു നന്നായി അറിയാം. നായകൾക്കു യജമാനനോടു മാത്രമേ സ്നേഹമുള്ളു. തെരുവുകളിലൂടെ നടക്കുന്നവർ യജമാനന്മാരല്ലല്ലോ.
നായവിശേഷം ഇന്നലെ ഒരു ദിവസം കൊണ്ടു തീരുന്നതല്ല. തുടർചർച്ചയ്ക്കായി മാറ്റി. ഇനി മറ്റൊരു വെള്ളിയാഴ്ച ഇതേ ബില്ലുമായി കാണാമെന്ന പ്രതീക്ഷയിൽ എൽദോസ് തത്കാലം അവസാനിപ്പിച്ചു.
ദുരന്തനിവാരണ സന്നദ്ധ പ്രവർത്തക സംരക്ഷണ ബില്ലുമായി ടി. സിദ്ദിഖ് എത്തിയതു വയനാട്ടിലെ ദുരന്തമുഖത്തു നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ അനുഭവംവച്ചു കൊണ്ടാണ്. രക്ഷാപ്രവർത്തകർക്കു നിലവിൽ സംരക്ഷണമുണ്ടെന്നു മന്ത്രി പറഞ്ഞെങ്കിലും അതു പര്യാപ്തമല്ലെന്നു സിദ്ദിഖിന് ഉറപ്പുണ്ട്. വയനാട്ടിൽ നേരിൽ കണ്ട കാര്യങ്ങൾ സിദ്ദിഖ് വിശദീകരിച്ചു.
കേരള മനുഷ്യക്കടത്ത് തടയൽ നിയമം എന്ന പേരിൽ സ്വകാര്യബില്ലുമായി അനൂപ് ജേക്കബ് എത്തിയെങ്കിലും മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ് സാങ്കേതികകാരണങ്ങൾ പറഞ്ഞു നിർദയം തള്ളി. വിനോദസഞ്ചാരമേഖലയിലെ തൊഴിലാളികൾക്കു ക്ഷേമനിധി വേണമെന്നായിരുന്നു സജീവ് ജോസഫിന്റെ ആവശ്യം.
കേരള അഗ്നിശമനസേനാ ബില്ലിൽ ഭേദഗതി നിർദേശിച്ച ഡോ. എൻ. ജയരാജിന് അൽപം ആശ്വസിക്കാൻ വകയുണ്ടായി. വൈകാതെ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്നു മന്ത്രി എം.ബി. രാജേഷ് ഉറപ്പു നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നു മോൻസ് ജോസഫ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയെങ്കിലും പരിഗണനയ്ക്കെടുക്കാൻ പോലും സ്പീക്കർ എ.എൻ. ഷംസീർ തയാറായില്ല.
കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന ന്യായം പറഞ്ഞാണ് അനുമതി നൽകാതിരുന്നത്. ഇതു ചർച്ച ചെയ്യാതിരിക്കുന്നതു സഭയ്ക്ക് അപമാനമാകുമെന്നു പറഞ്ഞു പേരിനൊരു പ്രതിഷേധം പ്രകടിപ്പിച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.