‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; കേന്ദ്രനീക്കത്തിനെതിരേ സംസ്ഥാനം പ്രമേയം പാസാക്കി
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനം പ്രമേയം പാസാക്കി.
മുഖ്യമന്ത്രിക്കായി പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. കെ.കെ. രമ, എം. ഷംസുദ്ദീൻ എന്നിവരുടെ ഭേദഗതികളോടെ പ്രമേയം ഐകകണ്ഠ്യേന പാസാക്കി.
കേന്ദ്ര സർക്കാർ നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തെരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിനുള്ള നിർദേശമാണ് ഉന്നതതല സമിതി മുന്നോട്ടു വച്ചിരിക്കുന്നത്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ കാലവധിയും വെട്ടിച്ചുരുക്കും. ഈ നടപടി ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്ക് മേലുള്ള കൈകടത്തലാണെന്നു പ്രമേയം കുറ്റപ്പെടുത്തി.