"പൂരം കലക്കി' നിലപാടിലുറച്ച് സിപിഐ
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയിട്ടും വിഷയത്തിൽ പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിപിഐ.
പൂരം കലക്കലിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ ചർച്ചയിലാണ് സിപിഐ അംഗങ്ങളായ മന്ത്രി കെ. രാജനും പി. ബാലചന്ദ്രനും വിഷയം വീണ്ടും സജീവ ചർച്ചയാക്കിയത്.
പൂരം കലക്കൽ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഭരണപക്ഷം ചെറുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൂരം കലക്കിയതുതന്നെ എന്ന നിലപാട് ആവർത്തിച്ച് മന്ത്രി കെ. രാജൻ രംഗത്തെത്തിയത്.
പൂരത്തിൽ ആചാരലംഘനം നടന്നെന്നും തുറന്നടിച്ചു. പൂരം കലക്കാൻ ആസൂത്രിതമായ ശ്രമം നടന്നു. അതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്. അതിന് നേതൃത്വം നൽകിയത് ആർഎസ്എസ് ആണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
ആ ഗൂഢാലോചനയ്ക്കൊപ്പം ഉദ്യോഗസ്ഥന്മാരുണ്ടെങ്കിൽ അവരും ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല. അങ്ങനെ ആലോചന നടത്തിയിട്ടുണ്ടെങ്കിൽ ആ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നു തന്നെയാണ് അഭിപ്രായം.
തെരഞ്ഞെടുപ്പ് കാലമായതിനാൽ പൂരം ഉപയോഗപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നു സർവകക്ഷി യോഗത്തിൽ പറഞ്ഞിരുന്നതാണെന്നും രാജൻ കൂട്ടിച്ചേർത്തു.