തിരുവോണം ബംപർ: കാണാമറയത്ത് കോടീശ്വരൻ
Thursday, October 10, 2024 2:39 AM IST
സുൽത്താൻ ബത്തേരി: 25 കോടി രൂപയുടെ ഒന്നാം സമ്മാനമായ തിരുവോണം ബംപർ ടിക്കറ്റ് വിൽപന നടത്തിയത് സുൽത്താൻ ബത്തേരിയിലെ എൻജിആർ ലോട്ടറി ഏജൻസീസ്.
പനമരത്തെ എസ്ജെ ഏജൻസിയിൽനിന്നു വാങ്ങി വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്. ഒരു മാസം മുന്പാണ് ഇവിടെനിന്ന് വിറ്റുപോയത്. ബത്തേരിയിലെ എൻജിആർ ലോട്ടറി ഏജൻസീസ് നടത്തുന്നത് നാഗരാജും സഹോദരൻ മഞ്ജുനാഥും ചേർന്നാണ്.
കൂലിപ്പണിക്കു വേണ്ടിയാണ് മൈസൂരുവിൽനിന്ന് 15 വർഷം മുന്പ് ഇവർ സുൽത്താൻ ബത്തേരിയിലെത്തിയത്. ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തു വരുന്നതിനിടെയാണ് മറ്റൊരു ലോട്ടറിക്കടയിൽ നാഗരാജ് തൊഴിലാളിയായി കയറുന്നത്. അതിനിടെ മറ്റൊരാളുമായി ചേർന്ന് ലോട്ടറിക്കട ആരംഭിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുറച്ചുകാലം ബത്തേരി പട്ടണത്തിലൂടെ നടന്ന് ടിക്കറ്റ് വിറ്റു. അതിനു ശേഷമാണ് അഞ്ചു വർഷം മുന്പ് സഹോദരൻ മഞ്ജുനാഥുമായി ചേർന്ന് എംജി റോഡിൽ എൻജിആർ എന്ന പേരിൽ ലോട്ടറി കട തുടങ്ങി ടിക്കറ്റ് വിൽപന ആരംഭിച്ചത്. നേരത്തേ വിൻ വിൻ ലോട്ടറിയുടെ 25 ലക്ഷം രൂപ ഇവർ വിൽപന നടത്തിയ ടിക്കറ്റിനു ലഭിച്ചിട്ടുണ്ട്.
തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ നന്പർ ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞപ്പോൾ തങ്ങൾ വിൽപന നടത്തിയ ടിക്കറ്റാണെന്ന് അറിഞ്ഞു. ടിക്കറ്റ് വിൽപന നടത്തിയ ഏജന്റിന് 25 കോടിയുടെ പത്ത് ശതമാനമായ 2.5 കോടി കമ്മീഷനായി ലഭിക്കും.
കുപ്പാടി പുതുച്ചേലയിലാണ് ഇപ്പോൾ കുടുംബസമേതം ഇവർ താമസിക്കുന്നത് ഐശ്വര്യയാണ് നാഗരാജിന്റെ ഭാര്യ. നമിത, നിഥി എന്നിവർ മക്കളാണ്. മഞ്ജുനാഥിന്റെ ഭാര്യ നിസർഗ. സാൽവി ഏക മകളാണ്.